X
    Categories: indiaNews

കളത്തിലിറങ്ങി പ്രിയങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിച്ചു- മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി കോണ്‍ഗ്രസ് ജനറള്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തരുത് എന്നും പ്രിയങ്ക സച്ചിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കയ്ക്ക് പുറമേ, രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, പി.ചിദംബരം, കെ.സി വേണുഗോപാല്‍ എന്നിവരും സച്ചിനുമായി സംസാരിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നയിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത തന്നെ ഇപ്പോള്‍ മാറ്റി നിര്‍ത്തുന്നതായി സച്ചിന്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്. സച്ചിന്റെ ആവശ്യ പ്രകാരം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. പൈലറ്റ് രാഹുല്‍ഗാന്ധിയെ കാണാന്‍ കൂട്ടാക്കുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

തനിക്ക് 30 അംഗങ്ങളുടെ പിന്തുണയുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. പൈലറ്റിനൊപ്പം ഡല്‍ഹിയില്‍ നിലവില്‍ 13 എം.എല്‍.എമാരാണ് ഉള്ളത്. 200 അംഗ നിയമസഭയില്‍ 107 പേരാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. 72 ബി.ജെ.പി അംഗങ്ങളും. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ കോണ്‍ഗ്രസിനാണ്.

അതിനിടെ, പ്രതിസന്ധി തുടരുന്നതിനിടെ, സ്വന്തം പക്ഷത്തുള്ള എം.എല്‍.എമാരെ അശോക് ഗെഹ്‌ലോട്ട് റിസോര്‍ട്ടിലേക്ക് മാറ്റി. 106 പേരുടെ പിന്തുണ തനിക്കുണ്ട് എന്നാണ് ഗെഹ്‌ലോട്ട് പറയുന്നത്. കോണ്‍ഗ്രസ് അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്‍ ബി.ജെ.പി പണം വാരിയെറിയുന്നു എന്ന് നേരത്തെ ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. ഒരംഗത്തിന് 15 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Test User: