ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി തന്റെ കുടുംബത്തിന് നേര്‍ക്ക് നടത്തിയ അധിക്ഷേപങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയാല്‍ അതിനെക്കുറിച്ച് പുസ്തകങ്ങള്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ പറ്റും. പ്രിയങ്ക പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തിന് വേണ്ടി വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ടിട്ടുണ്ട്, രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടിട്ടുണ്ട്, രാജ്യത്തിന് വേണ്ടി നിരന്തരം ജോലി ചെയ്ത നരസിംഹ റാവുവിനെയും മന്‍മോഹന്‍ സിങിനെയും കണ്ടിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍വന്ന് തന്നെ അധിക്ഷേപിച്ചെന്നു പറഞ്ഞ് കരയുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി പ്രിയങ്ക പറഞ്ഞു.
നിങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ സങ്കടങ്ങളാണ് പ്രധാനമന്ത്രി പറയുന്നത്. നരേന്ദ്ര മോദി തന്റെ സഹോദരനെ കണ്ടു പഠിക്കണം. അധിക്ഷേപം മാത്രമല്ല, രാജ്യത്തിന് വേണ്ടി വെടിയുണ്ട സ്വീകരിക്കാനും തയ്യാറാണ് എന്നാണ് തന്റെ സഹോദരന്‍ പറയുന്നത്. നിങ്ങള്‍ വെടിയുതിര്‍ത്താലും കത്തികൊണ്ട് കുത്തിയാലും സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നാണ് തന്റെ സഹോദരന്‍ പറയുന്നത് എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന് ബിജെപിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വീണ്ടും തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ തവണയും കോണ്‍ഗ്രസ് അധിക്ഷേപിക്കുമ്‌ബോള്‍ അവര്‍തന്നെയാണ് നശിക്കുന്നത്. 91 തവണ കോണ്‍ഗ്രസ് തന്നെ അധിക്ഷേപിച്ചു. കോണ്‍ഗ്രസുകാര്‍ അധിക്ഷേപം തുടരട്ടെ, കര്‍ണാടകയിലെ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഞാന്‍ തുടരും. അംബേദ്കറെയും സവര്‍ക്കറെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും അഴിമതി ചൂണ്ടിക്കാട്ടുന്നവരെയും കോണ്‍ഗ്രസ് വെറുക്കുന്നു. അദ്ദേഹം പറഞ്ഞു.