ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മികച്ച വാഗ്ദാനവുമായി പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്ന് പ്രിയങ്കാ ഗാന്ധി ഉറപ്പ് നല്‍കി. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘നാം നായികി’ പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ‘ഗൃഹലക്ഷ്മി’ എന്ന പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യവൈദ്യുതി നല്‍കുമെന്ന് പാര്‍ട്ടി മുമ്പ് വാഗ്ദാനം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴില്‍ വ്യാപക അഴിമതി നടക്കുന്നതായി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. മന്ത്രിമാര്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ വാങ്ങുന്നവരാണെന്നും കര്‍ണാടകയില്‍ 5 ലക്ഷം കോടിയുടെ പൊതുസമ്പത്താണ് ഇവര്‍ കൊള്ളയടിച്ചതെന്നും പ്രിയങ്ക പറഞ്ഞു. ബംഗളൂരുവില്‍ നടക്കേണ്ട 8000 കോടിയുടെ വികസന പദ്ധതിയില്‍ 3200 കോടി രൂപയും കമ്മീഷനായി പോകുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
പ്രിയങ്കാ ഗാന്ധിയുടെ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.