പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചര്‍ച്ചകളിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത രംഗപ്രവേശം. അറുപത് സീറ്റിനപ്പുറം കോണ്‍ഗ്രസിന് നല്‍കാന്‍ ആകില്ല എന്ന ആര്‍ജെഡിയുടെ കടുംപിടുത്തത്തിന് പിന്നാലെയാണ് പ്രിയങ്ക വിഷയത്തില്‍ ഇടപെട്ടത്. നിലവില്‍ എഴുപത് സീറ്റു വരെ കോണ്‍ഗ്രസിന് നല്‍കാം എന്ന നിലപാടിലാണ് ആര്‍ജെഡി. സീറ്റു വിഭജനം സംബന്ധിച്ച് നാളെ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മൂര്‍ച്ഛിച്ച തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്ന് പ്രിയങ്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റെടുത്തത്. 80 സീറ്റു വരെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ 60ല്‍ കൂടുതല്‍ നല്‍കാന്‍ ആകില്ല എന്ന് ആര്‍ജെഡി നിലപാടെടുത്തു. ഇതോടെ ചര്‍ച്ചകള്‍ നിശ്ചലമാകുകയായിരുന്നു.
തേജസ്വി യാദവ്
ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വിട്ടുവീഴ്ചയ്ക്ക തയ്യാറായില്ലെങ്കില്‍ സ്വന്തമായി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് ആര്‍ജെഡി നേതൃത്വം മയപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
സഖ്യം അനിവാര്യമാണ് എന്നതിനാല്‍ ഇരുനേതൃത്വവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ എഴുപത് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്നാണ് കരുതപ്പെടുന്നത്. 145 ഇടത്ത് ആര്‍ജെഡിയും അങ്കത്തിനിറങ്ങും. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ക്ക് 30 സീറ്റുകള്‍ നല്‍കാനാണ് ധാരണ.
മത്സരം നടക്കുന്ന ഏക ലോക്‌സഭാ സീറ്റായ ബാല്‍മീകി നഗറിനു വേണ്ടി കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. നാല്‍പ്പതില്‍ 39 സീറ്റും ബിജെപി നേടിയപ്പോള്‍ കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണ ജെഡിയു കൂടി ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ അങ്കത്തിനിറങ്ങിയ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 101, 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു.
അതിനിടെ, എന്‍ഡിഎയിലെ സീറ്റു വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പാസ്വാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയും ഇന്ന് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തിയ്യതികളില്‍ മൂന്നു ഘട്ടമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.