പ്രിയങ്ക ഗാന്ധി എംപി ഫെബ്രുവരി എട്ട് മുതല്‍ മൂന്ന് ദിവസം വയനാട്ടില്‍. 8 മുതല്‍ 10 വരെയാണ് വയനാട്ടിലുണ്ടാവുക. ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.
എട്ടിന് രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കല്‍പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിലെ തീരുമാനങ്ങള്‍ നിര്‍ണായകമാകും.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യു.ഡി .എഫ് യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ടി. മുഹമ്മദ്, എന്‍.കെ. റഷീദ്, റസാഖ് കല്‍പ്പറ്റ, പി.പി. ആലി, ടി.ജെ. ഐസക്ക്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, വി.എ. മജീദ്, എം.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.