ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയില്‍. രാഷ്ട്രപതി ഭവനു മുമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ബസില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കര്‍ഷക പ്രക്ഷോഭത്തില്‍ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. ചെറിയ സംഘത്തെ മാത്രമാണ് പൊലീസ് രാഷ്ട്രപതി ഭവനിലേക്ക് കടത്തിവിട്ടത്. ബാക്കിയുള്ളവരെ കരുതല്‍ തടങ്കലില്‍ ആക്കുകയായിരുന്നു.
വിവാദ കാര്‍ഷിക ബില്ലുകളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രണ്ട് കോടി പേര്‍ ഒപ്പിട്ട മെമ്മോറാണ്ടമാണ് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.
‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഈ കര്‍ഷകര്‍ തിരിച്ചു പോകില്ല എന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് നിയമം അസാധുവാക്കണം. പ്രതിപക്ഷം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കും’ – രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലെന്നും എതിരെ നില്‍ക്കുന്നത് മോഹന്‍ ഭാഗവത് (ആര്‍എസ്എസ് മേധാവി) ആണെങ്കില്‍ പോലും അദ്ദേഹത്തെ തീവ്രവാദ മുദ്ര കുത്തുമെന്നും രാഹുല്‍ ആരോപിച്ചു.