കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര എംപി ‘പലസ്തീന്‍’ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. പലസ്തീന്‍ എന്ന വാക്ക് അടങ്ങിയ ബാഗുമായാണ് പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ഹാജരായത്.
കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക പാര്‍ലമെന്റില്‍ കൊണ്ടുവന്നത് എന്നാണ് വിവരം.
ഇന്ദിരാഗാന്ധിയും പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തും ന്യൂഡല്‍ഹിയില്‍ നടത്തിയ സംഭാഷണം കാണിക്കുന്ന ഫോട്ടോ അബു ജാസര്‍ എംപിക്ക് സമ്മാനിച്ചു.
രാഷ്ട്രപദവിക്കുവേണ്ടിയുള്ള പലസ്തീന്‍ ജനതയുടെ സമരത്തിന് എംപി പിന്തുണ അറിയിച്ചതായി അബു ജാസര്‍ പറഞ്ഞു.
50,000-ത്തോളം പേര്‍ കൊല്ലപ്പെട്ട ഗാസയിലെ വംശഹത്യ യുദ്ധത്തെ കോണ്‍ഗ്രസ് നേതാവ് നേരത്തെ ശക്തമായി അപലപിച്ചിരുന്നു.