തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധിയെ വരവേറ്റ് മാനന്തവാടി ജനസാഗരമായി. പ്രിയങ്കയെത്തും മുമ്പേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ കാത്ത് വള്ളിയൂര്‍ക്കാവ് ജനനിബിഡമായിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയ്ത്. ഉച്ചക്ക് 12 മണിയോട് കൂടിയാണ്ട പ്രിയങ്കയുടെ ഹെലികോപ്റ്റര്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയിലെ താല്‍കാലിക ഹെലിപാഡിലാണ് ഇറങ്ങിയത്
കണ്ണൂര്‍ വിമാനമത്താവളത്തില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി പത്തരയോടെ പ്രിയങ്ക ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂര്‍ വൈകി എത്തിയ പ്രിയങ്കയെ കാത്ത് പൊതുസമ്മേളനം നടക്കുന്ന വള്ളിയൂര്‍ക്കാവ് മൈതാനം ജനസാഗരമാവുകയായിരുന്നു.
എ.ഐ. സി.സി. ,കെ.പി.സി.സി., ഡി.സി.സി ഭാരവാഹികളും നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ എട്ട് മണി മുതല്‍ വള്ളിയൂര്‍കാവിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് പൊതുസമ്മേളനത്തിനെത്തിയത്. മാനന്തവാടിയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രിയങ്ക പങ്കെടുക്കുന്ന പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പരിപാടിക്ക് മുമ്പേ തന്നെ വന്‍ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. പുല്‍വാമ യില്‍ ഭീകരാക്രമണത്തില്‍ മരിച്ച ഹവില്‍ദാര്‍ പി.വി. വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം തൃക്കൈപ്പറ്റ വാഴ കണ്ടി കുറുമ കോളനിയും സന്ദര്‍ശിച്ചാണ് പ്രിയങ്ക മറ്റ് പരിപാടികള്‍ക്ക് പോകുന്നത്.