ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 370-ാം വകുപ്പ് റദ്ദാക്കിയ രീതി ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെല്ലാം എതിരായിരുന്നു അത്. അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ജമ്മുകശ്മീരിന്റെ കാര്യത്തില്‍ പാലിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്ര സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രിയങ്കയുടെ ആദ്യ പ്രതികരണമാണിത്. ജൂലൈ 17നാണ് സോന്‍ഭദ്രയില്‍ വെടിവെപ്പുണ്ടായത്. മൂന്ന് ദിവസത്തിന് ശേഷം പ്രിയങ്ക സന്ദര്‍ശനത്തിന് എത്തിയെങ്കിലും ഗ്രാമത്തിലേക്കുള്ള യാത്രമധ്യേ ഉത്തര്‍പ്രദേശ് പൊലീസ് അവരെ തടഞ്ഞു. പ്രിയങ്ക എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ധര്‍ണയിരുന്ന പ്രിയങ്കയെ ഗസ്റ്റ് ഹൗസിലെത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കണ്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കോണ്‍ഗ്രസ് 10 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു.
- 5 years ago
chandrika
370-ാം വകുപ്പ് റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം: പ്രിയങ്ക
Tags: priyanka gandhi