ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗാറിനെപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈശ്വരനെ ഓര്‍ത്ത് പ്രധാനമന്ത്രി ക്രിമിനലുകള്‍ക്ക് നല്‍കുന്ന പാര്‍ട്ടിയുടെ സംരക്ഷണം ഇല്ലാതാക്കണം. അത് വൈകിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ആണ് ആരോപണവിധേയന്‍. അയാള്‍ ഇപ്പോഴും ഭരണത്തില്‍ തുടരുകയാണ്. ആ സ്ഥിതിക്ക് ബിജെപിയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള നീതി പെണ്‍കുട്ടിക്ക് ലഭിക്കുമോ? ഇരയുടേയും സാക്ഷിയുടേയും സുരക്ഷയില്‍ അശ്രദ്ധയുണ്ടായത് എന്തുകൊണ്ടാണ്? കേസിലെ സിബിഐ അന്വേഷണം എവിടെ വരെയായെന്നും പ്രിയങ്ക ചോദിച്ചു.
ഉന്നാവോ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുക. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുക. പിന്നീട് ഇരയേയും സാക്ഷിയെയും, ഇരയുടെ കുടുംബത്തേയും അവരുടെ അഭിഭാഷകനേയും കൊലപ്പെടുത്താനായി ഒരു ട്രക്ക് ഇരസഞ്ചരിക്കുന്ന കാറില്‍ ഇടിക്കുക. ഈ സംഭവം ഇന്ത്യക്കും അതിന്റെ സംസ്‌കാരത്തിനും തീരാകളങ്കമാണ്, രഞ്ജന്‍ ചൗധരി തുറന്നടിച്ചു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.