X

‘മോദിക്കെതിരെ രാഹുല്‍ ഒറ്റക്ക് പോരാടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു; മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ പോരാടാന്‍ രാഹുല്‍ഗാന്ധി ഒറ്റക്കായിരുന്നുവെന്ന് പ്രിയങ്കഗാന്ധി. എല്ലാ മുതിര്‍ന്ന നേതാക്കളും രാഹുലിനെ ഒറ്റക്ക് വിടുകയായിരുന്നു ചെയ്തതെന്ന് പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ പറഞ്ഞു. മറ്റ് നേതാക്കള്‍ രാഹുലിനോട് നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രിയങ്ക നേതാക്കള്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. ‘എന്റെ സഹോദരന്‍ ഒറ്റക്ക് പോരാടുമ്പോള്‍ നിങ്ങളെല്ലാം എവിടെയായിരുന്നുവെന്ന് പ്രിയങ്ക ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ രാജി സന്നദ്ധത നേതാക്കളാരും അംഗീകരിച്ചില്ല. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി ചിദംബരം എന്നിവര്‍ രാഹുലിനോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ട് സംസാരിച്ചു. ശനിയാഴ്ച്ച രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജി തീരുമാനം ഐക്യകണ്‌ഠേനെ തളളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പ്രിയങ്ക വിമര്‍ശിച്ചത്. രാജി വെച്ചാല്‍ രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീഴും എന്നാണ് പ്രിയങ്ക ഗാന്ധി യോഗത്തില്‍ പറഞ്ഞു. കൂടാതെ യോഗത്തില്‍ ഉടനീളം പ്രിയങ്ക അതീവ രോഷത്തോടെയാണ് പ്രതികരിച്ചതെന്നും പിടിഐ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് വേണ്ട പിന്തുണ നല്‍കിയില്ല. റഫാല്‍ വിഷയത്തിലും ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവും ഏറ്റെടുത്ത് ഒരാളും കോണ്‍ഗ്രസ് അദ്ധ്യക്ഷന് പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണക്കാരായ ഓരോരുത്തരും ഈ മുറിയിലുണ്ടെന്നും യോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ഇതിനോട് രാഹുല്‍ പ്രതികരിച്ചില്ല. എന്നാല്‍ രാഹുല്‍ രാജി വെക്കരുതെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

chandrika: