അയോധ്യയില്‍ സംഭവിച്ചത് ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പാണെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കളും ഉത്തര്‍പ്രദേശ് സര്‍ക്കാരും രാമക്ഷേത്രത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് യോഗി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യവ്യാപകമായിട്ടാണ് രാമക്ഷേത്ര ട്രസ്റ്റിനായുള്ള സംഭാവനകള്‍ ശേഖരിച്ചതെന്നും പാവപ്പെട്ടവര്‍ പോലും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കുറഞ്ഞ വില മാത്രമുള്ള ചില ഭൂമികള്‍ വലിയ വിലക്കാണ് വിറ്റിരിക്കുന്നതെന്നും ദലിത് വിഭാഗത്തില്‍ പെടുന്നവരുടെ ഭൂമി അപഹരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. വിശ്വാസികള്‍ നല്‍കിയ സംഭാവനകള്‍ അഴിമതിക്കായി ഉപയോഗിച്ചതിന്റെ തെളിവാണിതെന്ന് പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചു.
ഒരു സ്ഥലത്തിന്റെ രണ്ട് ഭാഗങ്ങള്‍ വ്യത്യസ്തമായ വിലക്കാണ് വിറ്റിരിക്കുന്നതെന്നും ശ്രീരാമന്റെ പേരില്‍ അഴിമതി ചെയ്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ മുഴുവന്‍ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി. സംഭവം പുറത്ത് വന്നതിന് പിന്നാലെ യുപി സര്‍ക്കാര്‍ ഇന്ന് അന്വേഷണത്തിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.