പ്രത്യേക ലേഖകന്‍
സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തര്‍പ്രദേശ് വോട്ടര്‍മാരില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കിയെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് എസ്.പി നിലപാട് മയപ്പെടുത്തുന്നത്.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന എസ്.പി നേതാവ് അസം ഖാന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയാണ്: ‘പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴാണ് കടന്നുവന്നത് എന്നു പറയുന്നത് ശരിയല്ല. മൂന്ന് സംസ്ഥാനങ്ങളിലെ വിജയങ്ങള്‍ക്കു പിന്നാലെ അക്കാര്യം പറയപ്പെട്ടിരുന്നു. എനിക്ക് കോണ്‍ഗ്രസിനു മുന്നില്‍ ഒരു നിര്‍ദേശം വെക്കാനുണ്ട്: സംസ്ഥാനത്തെ വോട്ടുകള്‍ ഭിന്നിപ്പിക്കരുത്.’ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ വിമര്‍ശിക്കുന്നതിനു പകരം കോണ്‍ഗ്രസിനെ ബഹുമാനിച്ചു കൊണ്ടുള്ള അസംഖാന്റെ പ്രസ്താവന എസ്.പിയുടെ നയംമാറ്റമാണ് സൂചിപ്പിക്കുന്നത്.
പ്രിയങ്കയെ രംഗത്തിറക്കി കൂടുതല്‍ ആവേശത്തോടെ പ്രചരണം നടത്താനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി ബി.എസ്.പി – എസ്.പി സഖ്യത്തെ അപകടപ്പെടുത്തുമെന്നാണ് എസ്.പി നേതൃത്വം കരുതുന്നത്. ജനുവരി 12-ലെ പത്രസമ്മേളനത്തില്‍ എസ്.പി തലവന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെതിരെ ആരോപണമൊന്നും ഉന്നയിക്കാതിരുന്നത് പുതിയ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ഒരു എസ്.പി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മായാവതി മാത്രമാണ് കോണ്‍ഗ്രസിനെ ആക്രമിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തുന്നത്.
കഴിഞ്ഞ ദിവസം അമേഠിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച രാഹുല്‍ ഗാന്ധിയും എസ്.പിയും ബി.എസ്.പിയുമായി സഖ്യത്തിലാകാന്‍ തടസ്സമില്ലെന്ന രീതിയിലാണ് സംസാരിച്ചത്. അഖിലേഷ് യാദവും മായാവതിയും തനിക്ക് പ്രിയപ്പെട്ടവരാണെന്നും ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന പൊതുലക്ഷ്യത്തില്‍ അവരുമായി ഐക്യപ്പെടുന്നതിന് വിരോധമില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, അഖിലേഷും മായാവതിയും ഇങ്ങോട്ടു വന്നാല്‍ മാത്രമേ ചര്‍ച്ചകള്‍ക്കു സാധ്യതയുള്ളൂ എന്നാണ് രാഹുല്‍ നല്‍കിയ സന്ദേശം.
ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിക്കുകയാണെങ്കില്‍ അതിന് കോണ്‍ഗ്രസാവും നേതൃത്വം നല്‍കുക എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു എന്നതാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കൊണ്ടുണ്ടായ പ്രധാന രാഷ്ട്രീയ സംഭവ വികാസം. വലിയ കൊട്ടിഘോഷമോ പ്രഖ്യാപനങ്ങളോ ഇല്ലാതെ ഒരു പത്രക്കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രിയങ്കയെ രംഗത്തിറക്കിയത്. എന്നാല്‍ മാധ്യമങ്ങളും പൊതുജനങ്ങളും അത് വലിയ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുമായി നല്ല ബന്ധമുള്ള പ്രിയങ്ക കിഴക്കന്‍ യു.പിയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുമ്പോള്‍ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ പുതിയ നീക്കം എന്തായിരിക്കും എന്നത് പ്രസക്തമാണ്.