വസ്ത്രധാരണത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ഷാള്‍ ഉപയോഗിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് തീവ്രദേശീയവാദികളുടെ വിമര്‍ശനം.
ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വീഡിയോ ഷെയര്‍ ചെയ്തത്. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ത്രിവര്‍ണ്ണ പതാകയുടെ ഷാള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആശംസ. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ദേശീയപതാകയെ നിങ്ങള്‍ അപമാനിച്ചുവെന്നാണ് ഒരു വിമര്‍ശനം. നിങ്ങള്‍ക്ക് ചുരിദാറോ സാരിയോ ധരിക്കാമായിരുന്നില്ലേയെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു. മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിച്ച നിങ്ങള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുകയാണ് ചെയ്യുന്നത്. താരത്തിനോട് ഇന്ത്യയിലേക്ക് തിരിച്ചുവരരുതെന്നും പറയുന്നുണ്ട് വിമര്‍ശകര്‍.
അതേസമയം, പ്രിയങ്ക ചോപ്രയെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. പതാക ദേഹത്ത് ചുറ്റി വിജയം ആഘോഷിക്കുന്നവരും പതാകയുടെ നിറത്തിലുള്ള തൊപ്പി ധരിക്കുന്നവരേയും പലപ്പോഴായി കാണാറുണ്ട്. അതെല്ലാം പതാകയെ അപമാനിക്കലാണോ? ആലോചിച്ചുവേണം വിമര്‍ശിക്കുന്നതെന്നും പിന്തുണക്കുന്നവര്‍ പറയുന്നു. നേരത്തെ ബര്‍ലിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പ്രിയങ്ക ചോപ്രക്കുനേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അതിനു പിറകിലും തീവ്രദേശീയവാദികളായിരുന്നു.