വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രിയങ്കഗാന്ധിക്ക് വേണ്ടി കളമൊരുക്കാന്‍ കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന.
പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ വാരാണാസിയില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒന്നായാണ് മത്സരിക്കുന്നത്.
ഇന്നലെ വയനാട്ടില്‍ വാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.
വാരാണസിയില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ പിന്തുണക്കുന്ന നിലപാട് തന്നെയായിരുന്നു പ്രിയങ്ക അന്നും കൈക്കൊണ്ടത്. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെയായിരുന്നു മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്കഗാന്ധി സൂചിപ്പിച്ചത്.
അതേസമയം, പ്രിയങ്കഗാന്ധി മത്സരിക്കാനെത്തിയാല്‍ മോദി വാരാണാസിയില്‍ മത്സരിക്കില്ലെന്നും സൂചനയുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മോദി ജനവിധി തേടുമെന്നാണ് വിവരം.