ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരുടെ മനംകവര്‍ന്ന് പ്രിയങ്ക ഗാന്ധി. രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ പൊലീസുകാര്‍ക്കിടയില്‍ നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വൈറലായത്. പൊലീസുകാരിയുടെ തോളില്‍ കൈവച്ച് ചിരിക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്‌നേഹത്തോടും മനുഷ്യത്വത്തോടും കൂടി സത്യത്തിന് വേണ്ടി പൊരുതാമെന്ന് കാണിക്കുന്ന ചിത്രമാണ് ഇതെന്ന് മാണിക്കം ടാഗോര്‍ എംപി ട്വീറ്റ് ചെയ്തു. എന്തു കൊണ്ടാണ് ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസിന് വേണ്ടത് എന്നതിന്റെ ഉത്തരമാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. രാഹുലിനെ പൊലീസുകാര്‍ തടയുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെയാണ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
യോഗി പൊലീസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. നിരോധനാജ്ഞ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്നും കൂട്ടം ചേരുന്നതാണ് പ്രശ്‌നമെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.