മലപ്പുറം: തിരൂരിൽ ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊണ്ടോട്ടി സ്വദേശി ബത്തല്‍കുമാർ (25), കുറുമ്പടി ചളിപ്പറമ്പിൽ മുഹമ്മദ് ഷരീഫ് (46), നടുവട്ടം പന്തീരാങ്കാവ് സുധീഷ് (38), ആനക്കര സ്വദേശി മൊയ്തീൻകുട്ടി (34), കോഴിക്കോട് സ്വദേശി ജിതേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് ആലത്തിയൂർ പത്തൻപടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. പിക്കപ്പ്‌വാൻ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ കോഴിക്കോട്ടുനിന്നു വരുകയായിരുന്ന ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും ബൈക്ക് ഭാഗീകമായും തകർന്നു.
പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ആലത്തിയൂർ പത്തൻപടി. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് സ്വകാര്യ ബസും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കാണ് പരിക്കേറ്റത്.