X
    Categories: MoreViews

സ്വകാര്യ ആസ്പത്രികളുടെയും ലബോറട്ടറികളുടെയും നിയന്ത്രണത്തിന് നിയമനിര്‍മാണം

 

സംസ്ഥാനത്തെ സ്വകാര്യ ആസ്പത്രികളിലെയും പരിശോധനാ കേന്ദ്രങ്ങളിലെയും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് റജിസ്‌ട്രേഷനും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ റജിസ്‌ട്രേഷനും നിയന്ത്രണവും ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ബില്‍ സഭയിലവതരിപ്പിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചര്‍ച്ചകളിലെ വികാരം കണക്കിലെടുത്ത് സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി അംഗീകരിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2010ലെ ക്ലിനിക്കല്‍ സ്ഥാപന നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം. സംസ്ഥാനത്തെ ആസ്പത്രികളിലെ ഡിസ്‌പെന്‍സറികള്‍, ലബോറട്ടറികള്‍ എന്നിവയിലെയും 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരു നിയമവും നിലവിലില്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷനോടൊപ്പം ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളും ബില്ലിലുണ്ട്. പ്രതിരോധ വകുപ്പിന്റെ കീഴിലല്ലാത്ത അലോപ്പതി, ആയുര്‍വേദ, യുനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ മേഖലയിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോവിഭാഗത്തിനും വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ റജിസ്റ്റര്‍ തയാറാക്കുകയും നിലവാരമുണ്ടോ എന്ന പരിശോധന നടത്താനായി വിദഗ്ധരുടെ പാനല്‍ തയാറാക്കുകയും ചെയ്യുക എന്നിവ കൗണ്‍സിലിന്റെ ചുമതലയായിരിക്കും. റജിസ്‌ട്രേഷനായി എല്ലാ ജില്ലകളിലും കലക്ടര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി അതോറിറ്റി രൂപീകരിക്കും. അതോറിറ്റിക്ക് റജിസ്‌ട്രേഷന്‍ നല്‍കുന്നതിന് പുറമേ പുതുക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കും. സ്ഥാപനം സന്ദര്‍ശിച്ചായിരിക്കണം അതോറിറ്റി റജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുക, ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ പേര് വിവരം ശേഖരിച്ച് റജിസ്റ്റര്‍ തയാറക്കുക, സ്ഥാപനങ്ങളുടെ പരിശോധനക്കായി വിദഗ്ധരുടെ ടീം രൂപീകരിക്കുക എന്നിവ കൗണ്‍സിലിന്റെ പ്രധാന ചുമതലകളാണ്.
റജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ കൗണ്‍സിലിനോ അതോറിറ്റിക്കോ അവര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ന്യായമായ ഏത് സമയത്തും അവിടെ പ്രവേശിച്ച് പരിശോധന നടത്താം. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കാം. കുറ്റം തുടര്‍ന്നാല്‍ കൗണ്‍സിലിന് വേണമെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കാനും അധികാരമുണ്ടായിരിക്കും. അതേസമയം ജില്ലാതല അതോറിറ്റികളുടെ തീരുമാനത്തിനെതിരെ അപ്പീലുകള്‍ക്കായി ആരോഗ്യ സെക്രട്ടറി ചെയര്‍പേഴ്‌സണായ അപ്പലേറ്റ് അതോറിറ്റിയും രൂപീകരിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്‍. രാജേഷ്, വി.ഡി സതീശന്‍, ഇ.കെ വിജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

chandrika: