X

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തില്‍; ഇടപെടാതെ സര്‍ക്കാര്‍

മലപ്പുറം: സ്വകാര്യ ബസ് സമരം രണ്ട് ദിവസം പിന്നിട്ടതോടെ വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം രൂക്ഷം. സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷയ്‌ക്കൊപ്പം വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷളും നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരു പോലെ വലയുകയാണ്. സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിനത്തിലേക്ക് പ്രവേശിച്ചിട്ടും ഇടപെടാതെ സര്‍ക്കാര്‍ നിരുത്തരവാദ സമീപനമാണ് കാണിക്കുന്നത്.

പരീക്ഷകള്‍ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാര്‍ഥികളെ വലച്ചിട്ടും ബസുടമകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു തയാറായില്ല. കോളജുകളില്‍ അവസാന വര്‍ഷ പരീക്ഷ ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കാനിരിക്കെയാണ് ബസ് പണിമുടക്ക് വിദ്യാര്‍ഥികളെ വലച്ചത്. കോവിഡിന് ശേഷം അധ്യയനം പൂര്‍വ സ്ഥിതിയിലായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷക്കും കോളജുകളില്‍ അവസാന വര്‍ഷ പരീക്ഷക്കും ഒരുങ്ങുമ്പോഴാണ് ബസ് സമരം ഇരുട്ടടിയായത്.

തെക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക് സാരമായി ബാധിച്ചില്ലെങ്കിലും മലബാറില്‍ യാത്രാ ദുരിതം കടുത്തതാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മലബാറിലെ മിക്ക റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് തന്നെ ഇല്ലാത്തതിനാല്‍ ടാക്‌സി വിളിച്ചാണ് പലരും യാത്ര സാധ്യമാക്കുന്നത്. 28, 29 ന് നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്കും പരീക്ഷാ സമയത്ത് ആയതിനാല്‍ ജനത്തിന് ദുരിതം ഇരട്ടിയാകും.

ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഓട്ടോ-ടാക്‌സി നിരക്കു വര്‍ധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവര്‍ധന പ്രഖ്യാപിക്കൂ എന്നും മന്ത്രി പറഞ്ഞു. ചാര്‍ജ്ജ് വര്‍ധനവ് പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫ് യോഗം വരെ സമരം നീട്ടിക്കൊണ്ടു പോവുകയാണ് മന്ത്രിയുടെ തന്ത്രമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു. ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ല.

നവംബര്‍ 9ന് സമരം പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഡീസല്‍വില 3 ദിവസത്തിനകം 2.30 രൂപ വര്‍ധിച്ചു. കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഒരു കോടിരൂപയാണ് നഷ്ടം. പണിമുടക്കിനു നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണെന്നും ബസ് ഉടമകള്‍ പറയുന്നു.

Chandrika Web: