X

സ്വകാര്യ ബസ് സമരം: പിടിവാശി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമയം തുടരുമ്പോള്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘടനകള്‍ ഇങ്ങോട്ടുവന്നാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. ഈ എല്‍. ഡി.എഫ് യോഗം ചേര്‍ന്നതിന് ശേഷം ബസ് ചാര്‍ജ് വര്‍ധനയിലടക്കം തീരുമാനം വരുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

നിരക്ക് പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബസുടമകള്‍. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വര്‍ധനയിലടക്കം 30ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകള്‍ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം പൊതുജനങ്ങള്‍ക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകള്‍ ഇപ്പോള്‍ സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്വകാര്യ ബസ് സമരം മൂലം വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം അതിരൂക്ഷമായി തുടരുമ്പോഴും പ്രശ്‌നം തീര്‍ക്കാതെ ബസുടമകളെ പഴിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. യാത്ര നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസ് ഉടമകളുടെ സംഘടന. സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചുവെന്നും ബസ് ഉടമകള്‍ വിമര്‍ശിച്ചു.

Test User: