സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് .കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ചില ഭേദഗതികള്‍ പരിശോധിക്കാമെന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കി.
സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാമറകള്‍ ഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കില്‍ എണ്ണത്തില്‍ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രഘുരാമന്‍ കമ്മീഷനെ ഏല്‍പ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനുശേഷം വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.