X

സ്വകാര്യ ബസുടമകള്‍ വീണ്ടും കട്ടപ്പുറത്തേക്ക്‌

കോഴിക്കോട്: സ്വകാര്യ ബസുടമകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണ്ടും കടപ്പുറത്തേക്ക്. ഡീസല്‍ അടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനുമുള്ള വരുമാനം പോലും ലഭിക്കാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതായി ഉടമകള്‍. രണ്ടാം ലോക്ഡൗണിന് ശേഷം കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റോഡ് ടാക്‌സ് ഒഴിവായിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ബസുടമകളും ബസുകള്‍ നിരത്തിലിറക്കിയത്.

എന്നാല്‍ കഴിഞ്ഞ ആറു മാസത്തെ റോഡ് ടാക്‌സ് ഒഴിവാക്കിയിട്ടില്ലെന്നു മാത്രമല്ല ഇപ്പോള്‍ ഇരുപത് ശതമാനം പിഴയോട് കൂടി മാത്രമേ ബസുടമകള്‍ക്ക് റോഡ് ടാക്‌സ് അടക്കാന്‍ കഴിയുകയുള്ളൂ. വലിയ ഒരു വിഭാഗം ബസുടമകള്‍ക്കും കഴിഞ്ഞ ആറു മാസത്തെ റോഡ് ടാക്‌സ് ഇനിയും അടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് വി.എ.കെ തങ്ങള്‍ പറഞ്ഞു.

ഒരു ലിറ്റര്‍ ഡീസലിന് 66 രൂപ വിലയുണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ചിരുന്ന നിലവിലുള്ള മിനിമം ചാര്‍ജ് എട്ടുരൂപ എന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 93 രൂപയായി വര്‍ദ്ധിച്ചിട്ടും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനോ പൊതുഗതാഗത സംവിധാനമായ ബസ് സര്‍വീസ് സംരക്ഷിക്കാനോ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും കോവിഡ് കാലത്തെ റോഡ് ടാക്‌സ് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബസുടമ സംഘടനകള്‍ കഴിഞ്ഞ നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മന്ത്രിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിയത്.

ഡീസല്‍ അടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനു പോലും വരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ കോവിഡിനു മുമ്പ് ഒരു ബസില്‍ നാലു തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത് ഇപ്പോള്‍ രണ്ടു തൊഴിലാളികള്‍ മാത്രം ജോലി ചെയ്യുന്നുള്ളു. പകുതി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി ശമ്പളം പോലും ലഭിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനു തീരുമാനമുണ്ടായില്ലെങ്കില്‍ ഭാവിയിലെ റോഡ് ടാക്‌സ് എങ്കിലും ഒഴിവായിക്കിട്ടുന്നതിനു വേണ്ടി മാര്‍ച്ച് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തി ബസുകള്‍ കട്ടപ്പുറത്ത് കയറ്റിയിടുമെന്ന് ബസ് ഓപറേറ്റേഴ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നലും അറിയിച്ചു.

 

Test User: