കല്‍പ്പറ്റ: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ‘നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി വയനാട് ജില്ലയിലെ സ്വകാര്യബസുകള്‍ ഇന്നലെ കരുണ്യ യാത്ര നടത്തി. മിക്ക സ്വകാര്യ ബസുകളും ഇന്നലത്തെ കളക്ഷനില്‍ ഡീസല്‍ ചെലവ് കഴിച്ചുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ബസ് ജീവനക്കാര്‍ ദിവസവേതനവും സംഭാവന ചെയ്യും. പതിവായി സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഇന്നലെ സ്വകാര്യ ബസുകളില്‍ സഞ്ചരിച്ച് കാരുണ്യയാത്രയില്‍ അകമഴിഞ്ഞ് സഹായം നല്‍കിയിരുന്നു. ടിക്കറ്റില്ലാത്ത യാത്രയില്‍ കൂലിയെടുക്കാതെ ജോലി ചെയ്ത ജീവനക്കാരും ദുരിതബാധിതര്‍ക്ക് തങ്ങളാല്‍ കഴിയുന്നത് ചെയ്തതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ-സി.കെ.ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്ത് കൊണ്ട് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. കാരുണ്യ യാത്രയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കാളികളായി.ഡി.പി.സി.യോഗത്തില്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബസ് യാത്ര നടത്തി.കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍സ്റ്റേഷന്‍ വരെയാണ് യാത്ര നടത്തിയത്. ജില്ലാ പഞ്ചായത്തംഗങ്ങളുടെ അവസരോചിതമായ ഇടപെടലുകള്‍ യാത്രക്കാരില്‍ കൗതുകമുണര്‍ത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, അനിലാ തോമസ്, എ.ദേവകി, ടി.ഉഷാകുമാരി, കെ.മിനി, പി.ഇസ്മായില്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, അഡ്വ.ഒ. ആര്‍.രഘു എന്നിവരാണ് യാത്രയില്‍ പങ്കു ചേര്‍ന്നത്. കാരുണ്യ യാത്രയുടെ ഭാഗമായി പുല്‍പ്പള്ളിയില്‍ നടന്ന സ്വകാര്യ ബസ്സുകളുടെ യാത്ര പനമരം ബ്ലോക്ക് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഫല്‍ഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.