ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വാദിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി മോദി ഉള്‍പ്പടെ 1978ല്‍ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന 2016 ഡിസംബര്‍ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തല്‍ ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ജിജ്ഞാസയുടെ പേരില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളും മാര്‍ക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു.ആ വിവരങ്ങള്‍ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാള്‍ക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ വേണമെന്ന് പറയാന്‍ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കില്‍ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് തടയാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആര്‍.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമര്‍ശിച്ചു.

അതേസമയം, ഡി.യുവില്‍ നിന്ന് വിവരങ്ങള്‍ തേടിയ ആര്‍.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്‌ബോര്‍ഡുകളിലും പത്രങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ‘ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങള്‍ പോലും അവര്‍ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാല്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോര്‍ത്തല്‍ ആവില്ല,’ ഹെഗ്ഡെ പറഞ്ഞു.

webdesk13:
whatsapp
line