കൊച്ചി: കഠ്‌വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം.
സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഇന്ത്യക്കാരനായതില്‍ ലജ്ജിക്കുന്നുവെന്നും താരം പ്രതികരിച്ചു.
‘കശ്മീരില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജുവേട്ടനില്‍ നിന്ന് പോസ്റ്റ് പ്രതിക്ഷീക്കുന്നു’ ഇത്തരത്തില്‍ നിരന്തരമായി തന്റെ ഫേസ്ബുക്ക്ടൈംലൈനില്‍ സന്ദേശം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ എന്താണ് താന്‍ പോസ്റ്റ് ചെയ്യേണ്ടതെന്നും പൃഥ്വിരാജ് ക്ഷുഭിതനായി ചോദിക്കുന്നു.
രോഷാകുലമായാണ് പൃഥ്വി പ്രതികരിച്ചത്. എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വെച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനു ശേഷം അവളെ കല്ലുപയോഗിച്ച് തലക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണോ? അതോ ഇത് സംഭവിക്കാന്‍ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരരുതെന്നാണോ? അതോ ഈ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരില്‍ നിറംപൂശുന്നത് തെറ്റാണെന്നോ? ഇതൊരു രാഷ്ട്രീയ മുതലെടുപ്പാക്കി തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ? സത്യമായിട്ടും? നമ്മള്‍ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല… ഒന്നും…’
‘ ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാദിവസവും ഞാന്‍ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നു. ഒരു ഭര്‍ത്താവെന്ന നിലയില്‍ അവളുടെ അമ്മയെയും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനേക്കാളുപരി ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരം നാണക്കേടുകളെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ പരിചയിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ് തോന്നുന്നു… ഇന്ത്യ.’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.