ഷാര്‍ജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിലെ എട്ടാം മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ മികച്ച അടിത്തറ പാകാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചത് യുവതാരം പൃഥ്വി ഷായുടെ പ്രകടനമായിരുന്നു. 43 പന്തില്‍ 64 റണ്‍സ് നേടിയ ഷാ കളിയിലെ താരവുമായി. ക്രീസിലെ തന്റെ രണ്ടാമൂഴത്തിലായിരുന്നു ഷാ കളം നിറഞ്ഞത്. ചെന്നൈ താരങ്ങള്‍ വരുത്തിവെച്ച അശ്രദ്ധയ്ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വന്നു എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.
ഡല്‍ഹി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പൃഥ്വി ഷായായിരുന്നു സ്‌െ്രെടക്ക് എന്‍ഡില്‍. ദീപക് ചാഹറെറിഞ്ഞ ആദ്യ പന്ത് അടിച്ചെങ്കിലും റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്ത് സ്‌ട്രെയ്റ്റ് ഡ്രൈവ് ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്ക്. ഷായുടെ ബാറ്റില്‍ എഡ്ജ് ചെയ്തായിരുന്നു പന്ത് ധോണിയുടെ കൈകളില്‍ എത്തിയത്.
എന്നാല്‍ ചെന്നൈ താരങ്ങളൊന്നും ഇക്കാര്യം ശ്രദ്ധിക്കാഞ്ഞതിനാല്‍ ആരും തന്നെ അപ്പീല്‍ ചെയ്തില്ല. അതിനാല്‍ അമ്പയര്‍ വിക്കറ്റും നല്‍കിയില്ല. അടുത്ത രണ്ട് പന്തും ബൗണ്ടറി പായിച്ച ഷാ വെടിക്കെട്ടിന് തുടക്കമിടുകയും ചെയ്തു. ചെന്നൈ നായകന്‍ ധോണിയുള്‍പ്പടെ ആരും ശ്രദ്ധിക്കാതെ പോയ ആ എഡിജിങ്ങിന് പകരം കൊടുക്കേണ്ടി വന്നത് രണ്ട് പോയന്റായിരുന്നു.
ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഒരു സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്‌സ്. 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ പുറത്താക്കി പിയൂഷ് ചൗളയാണ് സഖ്യം പൊളിച്ചത്. പിന്നാലെ ഷായെയും ചൗള തന്നെയാണ് പുറത്താക്കിയത്.