X

പെരുന്നാളിനോടനുബന്ധിച്ചു യുഎഇയില്‍ തടവുകാര്‍ക്ക് മോചനം; നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ചു 988 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ ഉത്തരവിട്ടു.

ക്ഷമയുടെയും സഹിഷ്ണുതയുടെയും സമര്‍പ്പണത്തിന്റെയും ചിന്തകളുമായി കടന്നുവരുന്ന ഈദുല്‍അദ്ഹ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെയെന്ന് പ്രസിഡണ്ട് ആശംസിച്ചു.

തടവില്‍നിന്നും മോചിക്കപ്പെടുന്നവര്‍ക്ക് കുടുംബത്തിനും സമൂഹത്തിനും വിലപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍ സാധ്യമാവട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. തടവുകാരുടെ മോചനം കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാനും ഉമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സന്തോഷജീവിതം നയിക്കാനും ഇതിലൂടെസാധ്യമാകും

650 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു.

റസാല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 356 പേരെ വിട്ടയക്കുവാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സാഖര്‍ അല്‍ഖാസിമി ഉത്തരവിട്ടു.

ഫുജൈറ ജയിലില്‍ നിന്നും 108 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷര്‍ഖി ഉത്തരവിട്ടു.

ബലി പെരുന്നാളിനോടനുബന്ധിച്ചു ഉമ്മുല്‍ഖുവൈന്‍ ജയിലില്‍നിന്നും തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍മുഅല്ല ഉത്തരവിട്ടു.

തടവുകാരുടെ മോചനം അവരെ പുതിയ ജീവിതത്തിലേക്ക് നയിക്കുമെന്നും കുടുംബങ്ങളില്‍ സന്തോഷം പകരുമെന്നും യുഎഇ ഭരണാധികാരികള്‍ പറഞ്ഞു.

ഓരോ പെരുന്നാളിനോടനുബന്ധിച്ചും യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചും നൂറുകണക്കിനുപേരെയാണ് യുഎഇയില്‍ ജയില്‍ മോചിതരാക്കുന്നത്. വിട്ടയക്കുന്നതില്‍ അധികവും സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്നവരാണ്. ഇവരുടെ ബാധ്യതകള്‍ ഭരണാധികാരികള്‍തന്നെ ഏറ്റെടുത്തുകൊണ്ടാണ് മോചിപ്പിക്കുന്നത്.
കുടുംബത്തിന്റെ സന്തോഷവും പുതിയ ജീവിതവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

webdesk13: