ഷംസീര്‍ കേളോത്ത്
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹരജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്‍. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം.
ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്‍ സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്.
രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.
യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്‍ യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്‍കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹരജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.
ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്‍!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു.
സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ പോലുള്ള നിരത്തുകള്‍ ജന്‍പഥ് ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്.
ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്.
ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്‍വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്‍മാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്‍കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.
സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്‍മാതാക്കള്‍ സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്‍മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍ മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്‍കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്‍ പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം.
വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.