തിരുവനന്തപുരം: അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ നല്‍കാം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ അല്ലെങ്കില്‍ അക്ഷയ ലോഗിന്‍ വഴി അപേക്ഷകള്‍ നല്‍കുന്നതിനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
ഇതോടൊപ്പം വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച ബുക്ക് ലെറ്റ് പ്രകാശനം, കുടിശ്ശിക നിവാരണ യജ്ഞത്തിന്റെയും ആഭ്യന്തര ഓഡിറ്റ് പൂര്‍ത്തീകരണത്തിന്റെയും പ്രഖ്യാപനം, സോഷ്യല്‍ ഓഡിറ്റ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പണം എന്നിവയും മന്ത്രി നിര്‍വഹിച്ചു. അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്ന നടപടികള്‍ തുടരുകയാണ്. വെള്ള, നീല കാര്‍ഡുകള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഗോതമ്പ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായുള്ള കുടിശ്ശിക തിരിച്ചെടുക്കുന്നതിനായി ഇതുവരെ 9 ജില്ലകളില്‍ നടത്തിയ അദാലത്തുകള്‍ വഴി 1,60,13216 രൂപ സര്‍ക്കാരിലേക്ക് ലഭിച്ചു. വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ചു പുറത്തിറക്കിയ ബുക്ക്ലെറ്റ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റേഷന്‍ കടകളില്‍ നടക്കുന്ന സോഷ്യല്‍ ഓഡിറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി.