കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിന്റെ രാജാവാകാന്‍ സാധിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഹെന്റിക് രാജകുമാരന്‍ അന്തരിച്ചു. 83 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാര്‍ഗ്രെത്ത് രാജ്ഞിയുടെ ഭര്‍ത്താവായ തനിക്ക് ഒരിക്കല്‍ പോലും രാജാവാകാന്‍ സാധിക്കാത്തതിലുള്ള നിരാശ അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചുന്നു.
ജീവിതകാലം മുഴുവന്‍ രാജകുമാരനായി അറിയപ്പെടുന്നതില്‍ നിരാശപൂണ്ട അദ്ദേഹം മരണാനന്തരം തന്നെ ഭാര്യയുടെ അടുത്ത് അടക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജദമ്പതിമാരെ അടുത്തടുത്ത് അടക്കം ചെയ്യുന്ന 459 വര്‍ഷം പഴക്കമുള്ള പാരമ്പര്യത്തിന് അന്ത്യംകുറിച്ച് ഭര്‍ത്താവിന്റെ ആവശ്യം രാജ്ഞി അംഗീകരിക്കുകയും ചെയ്തു.
1967ലാണ് കിരീടാവകാശിയായ മാര്‍ഗ്രെത്തിനെ ഹെന്റിക് രാജകുമാരന്‍ വിവാഹം ചെയ്തത്. 1972ല്‍ മാര്‍ഗ്രെത്ത് രാജ്ഞിയായി. ഡെന്‍മാര്‍ക്കിന്റെ പരമ്പരാഗത നിയമപ്രകാരം രാജകുമാരി രാജ്ഞിയായാല്‍ അവരുടെ ഭര്‍ത്താവിന് രാജാവാകാന്‍ സാധിക്കില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം രാജാവാകാന്‍ സാധിക്കാത്തതിലുള്ള അതൃപ്തി അദ്ദേഹം തുറന്നുപ്രകടിപ്പിച്ചു. ഹെന്റികിന്റെ അധിക്കാരക്കൊതി ഡെന്‍മാര്‍ക്കുകാരില്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെട്ടില്ല. അംഗീകാരത്തിന് ദാഹിക്കുന്ന ധിക്കാരിയായാണ് അവര്‍ അദ്ദേഹത്തെ കണ്ടത്. 2002ല്‍ മാര്‍ഗ്രെത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ഫ്രെഡറിക് രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുത്തത് ഹെന്റികിനെ കൂടുതല്‍ രോഷാകുലനാക്കി. പ്രതിഷേധ സൂചകമായി രാജ്യംവിട്ട് ഫ്രാന്‍സിലുള്ള ഗ്രാമീണ ഭവനത്തില്‍ അദ്ദേഹം മൂന്നാഴ്ചയോളം താമസിച്ചു.