റിയാദ്: സഊദി രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സഊദി അറേബ്യന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സഊദി ഭരണകൂടം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മുന്‍ ഭരണാധികാരി ഫഹദ് രാജാവിന്റെ ഇളയ മകനായ അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിച്ച് കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ, അറസ്റ്റു തടയാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുല്‍അസീസ് രാജകുമാരന്‍ വെടിയേറ്റു മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
death of Prince Abdulaziz bin Fahd എന്ന ഹാഷ്ടാഗും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
സഊദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു പ്രചാരണം.
അറസ്റ്റിനു പിന്നാലെ വെടിവെപ്പും ആക്രമണവുമുണ്ടായെന്നും തുടര്‍ന്ന് അസീസ് രാജകുമാരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വ്യാജമാണെന്നും അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും രാജകുമാരന്‍ ജീവനോടെയുണ്ടെന്നും സഊദി ഭരണകൂടം അറിയിച്ചു.
ലോക സമ്പന്നരില്‍ ഒരാളായ അല്‍വലീദ് തലാല്‍ ഉള്‍പ്പെടെ 14 പേരെ സഊദിയിലെ അഴിമതി വിരുദ്ധ കമ്മിറ്റി ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.