റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. ഇടവേളക്ക് ശേഷം വീണ്ടും വോളി ലീഗിന് അരങ്ങൊരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ജൈവസുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. സോണിയുടെ വിവിധ ചാനലുകളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ കമന്ററിയോടെ മത്സരങ്ങള്‍ തത്സമയം കാണാം. എല്ലാ മത്സരങ്ങളും വൈകിട്ട് 7ന് തുടങ്ങും.
ജെറോം വിനിത് (യൂണിവേഴ്‌സല്‍), അജിത്‌ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കോഴിക്കോട് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും. അബില്‍ കൃഷ്ണന്‍ എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി, ആര്‍ രാമനാഥന്‍, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന്‍ എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്‍ട്ടണ്‍ കോവല്‍, കോഡി കാള്‍ഡ്‌വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാനിധ്യങ്ങള്‍. റെയ്‌സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്‍, എറിന്‍ വര്‍ഗീസ്, ദര്‍ശന്‍ എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്. ഫെബ്രുവരി 18നാണ് കൊച്ചി, കാലിക്കറ്റ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്.