ന്യൂഡല്‍ഹി: യു.എസ്, ഈജിപ്ത് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ഏഴാമത്തെ യു.എസ് സന്ദര്‍ശനമാണിത്. 14 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനുള്ള അമേരിക്കയുടെ ക്ഷണം ലഭിക്കുന്നത്. ഇതിന് മുമ്പ് 2009 ല്‍ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങാണ് ഇത്തരത്തില്‍ യു.എസിലേക്ക് പോയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് മന്‍മോഹനെ ക്ഷണിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ ന്യൂയോര്‍ക്കില്‍ എത്തിയ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് രാജ്യാന്തര യോഗാദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമായി സൗഹൃദസംഭാഷണം. നാളെയാണ് ഔദ്യോഗിക ചടങ്ങുകള്‍. വൈറ്റ് ഹൗസില്‍ ഔപചാരിക സ്വീകരണം, തുടര്‍ന്നു ബൈഡനുമായുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ നടക്കവേ, പ്രധാനമന്ത്രി യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കും.
വൈകിട്ട് വൈറ്റ്ഹൗസില്‍ ഔദ്യോഗിക വിരുന്ന്. വെള്ളിയാഴ്ച ബിസിനസ്, അക്കാദമിക് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റ് കമല ഹാരിസും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമൊപ്പം ഉച്ചഭക്ഷണം. തുടര്‍ന്ന് യു.എസിലെ ഇന്ത്യന്‍സമൂഹം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഈജിപ്തിലെ കയ്‌റോയിലേക്ക് പോകുന്ന പ്രധാനമന്ത്രി പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്തിലെ ഇന്ത്യന്‍സമൂഹത്തിന്റെ സ്വീകരണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിക്കും. ഒന്നാം ലോകയുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.