ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തിക ഉത്തേജക നടപടികളും ജനപ്രിയ പ്രഖ്യാപനങ്ങളും മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. മോദി രാജ്യത്തോട് ആവശ്യപ്പെട്ട 50 ദിവസ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കള്ളപ്പണം, കള്ളനോട്ട് എന്നിവക്കെതിരായ യുദ്ധം ലക്ഷ്യം കണ്ടുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാറുള്ളത്. ജനരോഷം മറികടക്കുന്നതിനും പ്രതിപക്ഷത്തെ പ്രതിരോധിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ പുതുവര്‍ഷ പ്രസംഗത്തിലുണ്ടാകും. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ മാറ്റങ്ങള്‍ മോദി വിശദീകരിക്കും. കൂടാതെ കര്‍ഷകര്‍ക്കും ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്കും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പുതിയ ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.