X

‘കലാപം നടക്കുന്ന മണിപ്പൂരിൽ ഇന്ത്യയിലെ പ്രധാനമന്ത്രി പോയില്ല, തൃശൂരിൽ പത്തു ദിവസത്തിനുള്ളിൽ രണ്ടു പ്രാവശ്യം വന്നു’: കെ സി വേണുഗോപാൽ

രാമക്ഷേത്രത്തിൽ മാത്രമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുകയെന്ന തന്ത്രമാണ് അവർ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണ നേട്ടങ്ങളും വികസനവും മോദി ഗ്യാരണ്ടിയും ഒന്നും ജനങ്ങളുടെ കയ്യിൽ വിലപോകുന്ന ഒന്നല്ല. എവിടെപ്പോയി മോദിയുടെ ഗ്യാരണ്ടി?, രണ്ടുകോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞത് ആ ഗ്യാരണ്ടിയുടെ ഭാഗമല്ലേയെന്നും ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലേക്ക് ചർച്ച കൊണ്ടുപോകണം എന്നുള്ളതാണ് കോൺഗ്രസിൻറെ ലക്ഷ്യം. ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ എത്ര ചോദ്യങ്ങൾ മോദിക്കെതിരെ ചോദിക്കുന്നുണ്ട്. മോദി ചെയ്യുന്നതെല്ലാം നൂറ് ശതമാനവും ശരിയാണെന്ന് വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളാണ് ഇവിടെയുള്ളത്. ജനാധിപത്യത്തിൻറെ നാല് തൂണുകൾ ഏതൊക്കെയാണ്? പാർലമെൻറ്, പാർലമെൻറിൽ എന്താ നടക്കുന്നതെന്ന് നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും എതിർ ശബ്ദങ്ങളെ അനുവദിക്കുന്നുണ്ടോ പാർലമെൻറിലെനിൻ അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിനെ എതിർക്കുന്നവരെയെല്ലാം അന്വേഷണ ഏജൻസികളെ വിട്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കലാപം നടക്കുന്ന മണിപ്പൂരിൽ ഇന്ത്യയിലെ പ്രധാനമന്ത്രി പോയില്ല, തൃശൂരിൽ പത്തു ദിവസത്തിനുള്ളിൽ രണ്ടു പ്രാവശ്യം വന്നു. സമയമില്ലാഞ്ഞിട്ടല്ല മണിപ്പൂരിൽ പോകാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് നിതീഷ് കുമാർ പോയത്, അത് രാഹുൽ ഗാന്ധിയുടെ കുഴപ്പമാകുന്നത് എങ്ങനെയാണ്?. എല്ലാത്തിനും രാഹുൽ ഗാന്ധിയെ ടാർജറ്റ് ചെയ്യുന്നു. നിതീഷ് കുമാറിന് കൺവീനർ ആകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് കോൺഗ്രസ്. പക്ഷേ 26 പാർട്ടികളുള്ളതിൽ കോൺഗ്രസ് മാത്രം തീരുമാനിച്ചാൽ കൺവീനർ ഉണ്ടാക്കാൻ പറ്റുമോ?.
അധികാരത്തിനു വേണ്ടി എപ്പോഴും എത്ര പ്രാവശ്യം അദ്ദേഹം മാറി, അവർക്കൊന്നും ഒരു കുഴപ്പവുമില്ല. കുഴപ്പം രാഹുൽ ഗാന്ധിയുടേതാണ്. ഈയൊരു വിമർശനത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

webdesk14: