കവരത്തി: ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനായി ഇന്നു തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത സ്ഥലങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്താന്‍ ലക്ഷ ദ്വീപിലേക്ക് പുറപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു മണിയോടെയാണ് ഹെലികോപ്റ്ററില്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്.
ലക്ഷദ്വീപിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് 1.50തോടെ മോദി തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകുക. നാലരയോടെയാവും തിരുവനന്തപുരത്തു തിരച്ചെത്തുക. തുടര്‍ന്ന്, പൂന്തുറയില്‍ അദ്ദേഹം ദുരിതബാധിതരെ കാണും. പൂന്തുറയിലേക്കു പോകുന്ന അദ്ദേഹം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഓഖി ദുരന്തബാധിതരെ കാണുക.
ദുരന്തബാധിതരെ നേരിട്ടു കാണണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പൂന്തുറയില്‍ പ്രധാനമന്ത്രിയുടമായി കൂടിക്കാഴ്ച ഒരുങ്ങുന്നത്.
തുടര്‍ന്ന് അവലോകന യോഗത്തിലും മോദി സംബന്ധിക്കും. അതിനിടെ അവലോകന യോഗം ഔപചാരിക ചടങ്ങുകള്‍ മാത്രം നടക്കുന്ന രാജ്ഭവനില്‍നിന്നും തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലേക്കു മാറ്റി. ദുരന്തബാധിതരെ നേരിട്ടു കാണുന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം.
യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഓഖി വിഷയത്തില്‍ പ്രത്യേക അവതരണം നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. യോഗത്തില്‍ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. വൈകി ആറരയോടെയാണ് പ്രധാനമന്ത്രി മടങ്ങുക.