X

പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യന്‍; എഎന്‍ഐക്ക് നല്‍കിയ അഭിമുഖം സ്ക്രിപ്റ്റഡ് ആണെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഴിമതിയുടെ ചാമ്പ്യന്‍ എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, പ്രധാനമന്ത്രി മോദി അടുത്തിടെ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖം ”സ്‌ക്രിപ്റ്റഡ് ആണെന്നും ഫ്‌ലോപ്പ് ഷോ ആണെന്നും വയനാട് എം.പി ആരോപിച്ചു.

”പ്രധാനമന്ത്രി എഎന്‍ഐക്ക് നല്‍കിയ നീണ്ട അഭിമുഖത്തില്‍ ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് പറഞ്ഞു. സുതാര്യതയ്ക്കും രാഷ്ട്രീയം ശുദ്ധീകരിക്കുന്നതിനുമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഇത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ആ സംവിധാനം സുപ്രിംകോടതി റദ്ദാക്കി.രണ്ടാമതായി, സുതാര്യത കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ എന്തിനാണ് ബി.ജെ.പിക്ക് പണം നല്‍കിയവരുടെ പേരുകള്‍ മറച്ചുവച്ചത്.

പിന്നെ എന്തിനാണ് അവര്‍ നിങ്ങള്‍ക്ക് പണം തന്ന തിയതികള്‍ മറച്ചത്? രാഹുല്‍ ചോദിച്ചു. ”ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ വ്യവസായികളും ഇത് മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്നു, പ്രധാനമന്ത്രി എത്ര വ്യക്തത വരുത്താന്‍ ആഗ്രഹിച്ചാലും അത് ഒരു മാറ്റവും ഉണ്ടാക്കില്ല.കാരണം പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിനാകെ അറിയാം” രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും സത്യസന്ധമായ പ്രതിഫലനം ഉണ്ടാകുമ്പോള്‍ എല്ലാവരും ഖേദിക്കുമെന്നും അഭിമുഖത്തില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

 

webdesk13: