കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ത്യമാവുന്നത്. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ‘കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ.. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.. ബഹുമാനിക്കുന്നു… ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി’ – അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോ കൂക്കി വിളിച്ചും ശരണം വിളിച്ചും ആളുകള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പ്രസംഗത്തിനിടെ ശാസിക്കാനും മുഖ്യമന്ത്രി മറന്നില്ല. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് അല്‍പ്പം രോഷത്തോടെ പറഞ്ഞ പിണറായി, അച്ചടക്കം പാലിക്കണം എന്ന് താക്കീത് ചെയ്തു.
പ്രധാനമന്ത്രിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ല്‍ ജലപാത പൂര്‍ണ്ണതയിലത്തിക്കും. കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്‌നിക്കല്‍ ഏരിയയില്‍ ആണ് മോദി വിമാനമിറങ്ങിയത്. ഗവര്‍ണ്ണറും, മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് മോദി കൊല്ലത്തെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തായിരുന്നു ഉദ്ഘാടന ചടങ്ങ്.