പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിത മേഖലയില്‍ നടത്തിയ സന്ദര്‍ശനം പ്രഹസനമായി. ദുരന്തമുണ്ടായി ആഴ്ചകള്‍ പിന്നിട്ട ശേഷം നടത്തിയ ഹൃസ്വസന്ദര്‍ശനത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതിരുന്ന പ്രധാനമന്ത്രി വാക്കുകള്‍ സാന്ത്വനത്തില്‍ ഒതുക്കി. സംസ്ഥാന സര്‍ക്കാര്‍ 7340 കോടിയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന വാഗ്ദാനമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനുമായി 325 കോടിയുടെ അടിയന്തര സഹായം കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ചു. ഓഖി ദുരിതമേഖലയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന വേളയിലെത്തിയ കേന്ദ്ര സഹായം പ്രധാനമന്ത്രിയുടെ പ്രഖ്യാപനമായാണ് ആദ്യം വാര്‍ത്തയെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. പ്രധാനമന്ത്രി ഓഖിയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും കേരളത്തില്‍ വെച്ച് നടത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ബി.ജെ.പി കേന്ദ്രങ്ങളും ഇത് ശരിവെച്ചതോടെ കേന്ദ്ര സഹായം സംബന്ധിച്ച് അനിശ്ചിതത്വമായി. എന്നാല്‍ ഇന്നലെ പ്രഖ്യാപിച്ച അടിയന്തര സഹായം നേരത്തെ കൈക്കൊണ്ട തീരുമാനമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി. പ്രധാനമന്ത്രി ഓഖി ദുരിത മേഖല സന്ദര്‍ശിക്കുന്ന ദിവസത്തേക്ക് അടിയന്തര സഹായ പ്രഖ്യാപനം നീട്ടുകയായിരുന്നുവെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ തമിഴ്‌നാടിനും കേരളത്തിനുമായി കേന്ദ്രം 356 കോടി അനുവദിച്ചിരുന്നു. ഇതില്‍ 76 കോടി മാത്രമായിരുന്നു കേരളത്തിന്റെ വിഹിതം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 325 കോടിയില്‍ കേരളത്തിന്റെ വിഹിതം എത്രയായിരിക്കുമെന്ന് ഇനിയും വെളിവായിട്ടില്ല.