X

മോദി വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുള്ള വ്യക്തി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ അസംഘടിത മേഖലയെ തകര്‍ക്കുകയാണ്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ രാജ്യ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ കള്ളന്മാരായി കാണുകയാണ്. മോദിയുടെ നെഞ്ച് വലുതെങ്കിലും ഹൃദയം ചെറുതാണെന്നും രാഹുല്‍ പറഞ്ഞു. ജിഎസ്ടി നികുതി ഭീകരതയുടെ സുനാമിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ പി.എച്ച്.ഡി ചേംബറിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മോദി സര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കണ്ട് ലോകം ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

എന്‍.ഡി.എ ഭരണം മൂലം രാജ്യത്തിന്റെ എല്ലാം പ്രതീക്ഷയും നഷ്ടമായെന്നു പറഞ്ഞ രാഹുല്‍ എല്ലാ പണവും കള്ളപ്പമല്ലെന്ന കാര്യം മോദി മറക്കുകയാണെന്നും ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ചരമവാര്‍ഷികമാണ് നവംബര്‍ എട്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കു ഇരട്ട പ്രഹരമാണ് മോദി നല്‍കിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് ജി.എസ്.ടി മൂലം ലഭിച്ചത് ദുരിതമാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സമ്പദ് വ്യവസ്ഥക്കു ഗുണകരമാണെങ്കിലും മോദിയും ഷട്ടപ്പ് ഇന്ത്യ നല്ലതല്ലെന്നും അദ്ദേഹം പരിഹസിച്ചു.

ചൈന പ്രതിദിനം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 458 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും പരിഹാസവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ജെയ്റ്റിലിയെ പരിഹസിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ഡോ. ജെയ്റ്റ്‌ലിജി, നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണ്. താങ്കള്‍ പറയുന്നു, താങ്കള്‍ ആരുടെയും പിന്നിലല്ലെന്ന്. പക്ഷെ താങ്കളുടെ മരുന്നിന് ശക്തിയില്ല’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ജി.ഡി.പി വളര്‍ച്ചാ നിരക്കിനെ സ്റ്റാര്‍ വാര്‍സ് സിനിമയിലെ പ്രയോഗം കൊണ്ട് വിമര്‍ശിച്ചതിനു പിന്നാലെയാണ് വീണ്ടും രാഹുല്‍ ജെയ്റ്റ്‌ലിക്കെതിരെ പരിഹാസവുമായെത്തിയത്. കഴിഞ്ഞ ദിവസം ജി.എസ്.ടിയെന്നാല്‍ ഗബ്ബര്‍ സിങ് നികുതിയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. രാഹുലിന്റെ ആരോപണത്തിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

chandrika: