കൊച്ചി: ചോറ്റാനിക്കരയില്‍ വിദ്യാര്‍ത്ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലില്‍വെച്ചാണ് ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തയിത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലില്‍ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. നേരത്തെ നാലുവയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്‌സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം.
2013-ലാണ് സംഭവം. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന അക്‌സയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന റാണി മറ്റൊരാളുമായി പ്രണയബന്ധത്തിലായിരുന്നു. ഇതിന് മകള്‍ തടസ്സമാവും എന്നുകരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തി രഞ്ജിത്തും റാണിയും സുഹൃത്ത് ബേസിലും ചേര്‍ന്ന് കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍ മരിക്കുന്നതിനു മുമ്പ് കുഞ്ഞിന് ലൈംഗികപീഢനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളായ മൂന്നുപേരും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തി. കൊലപാതകം ഗൂഢാലോചന എന്നീവകുപ്പുകള്‍ക്കുപുറമേ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.