X

മതപ്രബോധകരെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ക്രൈസ്തവസംഘത്തിനുനേരേ ആക്രമണം

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ മലയാളികളടങ്ങിയ കരോള്‍ സംഘത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദര കലന്‍ ഗ്രാമത്തില്‍ കരോളുമായി പോയ വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയുമാണ് മതപ്രബോധകരെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിച്ചത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി കരോള്‍ സംഘത്തെ നിര്‍ബന്ധിപ്പിച്ച് കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സത്ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്നുള്ളവരാണ് ആക്രമണത്തിനിരിയായത്. സംഘത്തില്‍ രണ്ടു വൈദികര്‍ക്കു പുറമെ മുപ്പതോളം വൈദിക വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. കസ്റ്റഡിയിലായവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറുകള്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.

കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ വെച്ചും അക്രമികള്‍ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് രാത്രിയോടെയാണ് എട്ടു വൈദികര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ സ്ഥലത്ത് തമ്പടിച്ചിരുന്ന അക്രമികള്‍ ഇവരുടെ കാറിന് തീയിടുകയായിരുന്നു. മതപരിവര്‍ത്തനമല്ല, ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകളിലും സ്ഥാപനങ്ങളിലും കരോള്‍ നടത്തുകയായിരുന്നു ലക്ഷ്യമെന്ന് സംഘത്തിലുണ്ടായിരുന്ന ഫാദര്‍ റിനി വര്‍ഗീസ് പ്രതികരിച്ചു.

പൊലീസിനോട് സഹായം തേടിയെങ്കിലും അക്രമികളെ ന്യായീകരിക്കുന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. 5000 രൂപ നല്‍കി മതംമാറ്റാന്‍ ശ്രമിച്ചെന്ന ധര്‍മേന്ദ്ര ദോഹദ് എന്നയാളുടെ പരാതിപ്രകാരമാണ് സംഘത്തെ കസ്റ്റഡിയിലെടുത്തതെന്ന് സിറ്റി പൊലീസ് സുപ്രണ്ട് ഡി.ഡി പാണ്ഡെ പറഞ്ഞു. ഇയാള്‍ക്കും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അപലപിച്ചു.

നേരത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ അമൃത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ക്ക് നേരെ സംഘ്പരിവാരത്തിന്റെ സൈബര്‍ ആക്രമണമുണ്ടായത്. ദരിദ്രരായ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാമ്പയിനിന്റെ അംബാസഡറാണ് അമൃത. ദീപാവലിക്കും ദുര്‍ഗാ പൂജക്കും ഇത്തരം പരിപാടികള്‍ നടപ്പാക്കാത്തതെന്തെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ചോദ്യം.

chandrika: