ബി.ജെ.പിയില്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസനനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യനെതിരെ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ പരസ്യ പ്രതിഷേധം.
റാന്നിയിലെ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ പ്രതിഷേധവുമായി വൈദികര്‍ ഉള്‍പ്പെടെ എത്തിയതോടെ നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പൊലീത്ത മുങ്ങിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഭദ്രാസനത്തിന്റെ ചുമതലയിലിരുന്ന് ഫാദര്‍ ഷൈജു കുര്യന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഫാദര്‍ ഷൈജു കുര്യനെതിരെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും മാതൃകപരമായി ജീവിക്കേണ്ട വ്യക്തി അതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസികള്‍ പ്രതിഷേധിക്കുമെന്ന് സഭ അംഗമായ ഷിബു തോണിക്കടവില്‍ പറഞ്ഞു.
ഫാദര്‍ ഷൈജു കുര്യനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് ആരോപണം. ഓര്‍ത്തഡോക്‌സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസനം ചുമതലയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സഭാധിപന് പരാതി നല്‍കി. നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ 30ന് എന്‍.ഡി.എ ജില്ലാ ഘടകം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹ സംഗമത്തില്‍ വെച്ചാണ് ഫാദര്‍ ഷൈജു കുര്യന്റെ നേതൃത്വത്തില്‍ അമ്പതോളം ആളുകള്‍ കേന്ദ്രമന്ത്രി വി. മുരളീധരനില്‍ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.