രൂക്ഷമായ വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരെ, ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കുടിവെള്ളവും അവശ്യമരുന്നുകളും മുതല്‍ യാത്രവരെ ഇന്ന് മുതല്‍ ചെലവേറിയതാകും. വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനത്തിനെ പിഴിയുന്ന ഒട്ടേറെ വര്‍ധനകളാണ് ഇന്ന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തുവെച്ചിരിക്കുന്നത്.
ജല അതോറിറ്റി കുടിവെള്ളത്തിന് ഈടാക്കുന്ന തുകയില്‍ അഞ്ചു ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലുള്ളവര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളെയാണ് വിലവര്‍ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നല്‍കണം.
മരുന്നുകളുടെ വര്‍ധിപ്പിച്ച വിലയും ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരും. നിലവിലുള്ളതിനേക്കാള്‍ പത്ത് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതല്‍ സാധാരണ പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോളിനു വരെ വില ഉയരും.
ബജറ്റില്‍ അടിസ്ഥാന ഭൂനികുതി ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവിലയും വര്‍ധിക്കും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയിലും ഇതനുസരിച്ച് വര്‍ധനവുണ്ടാകും. ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള വര്‍ധിപ്പിച്ച ഹരിത നികുതിയും ഇന്ന് മുതല്‍ നിലവില്‍ വരും. പത്തു വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള പൊതുവാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 ശതമാനമാണ് വര്‍ധന. പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയുമാണ് ഒറ്റത്തവണ ഹരിത നികുതി. മറ്റു ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് നികുതിയായി നിശ്ചയിച്ചിട്ടുള്ളത്.
ഇരുചക്ര വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം കൂട്ടിയതും വാഹനങ്ങളുടെ റീ രജിസ്ട്രേഷന്‍ ഫീസിലെ വര്‍ധനവും ഇന്ന് പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനങ്ങളുടെ റീ രജിസ്ട്രേഷന്‍ ഫീസ് 300 ല്‍ നിന്ന് 1000 രൂപയായാണ് ഉയര്‍ത്തിയത്. മുച്ചക്രവാഹനങ്ങള്‍ക്കുള്ള ഫീസ് 600 രൂപയില്‍ല്‍ നിന്ന് 2500 രൂപയായും കാറിന് 600 രൂപയില്‍ നിന്ന് 5000 രൂപയുമായാണ് ഫീസ് ഉയര്‍ത്തിയത്. ഇറക്കുമതി ചെയ്ത ഇരുചക്ര വാഹനത്തിന് നേരത്തെ നല്‍കിയിരുന്ന 2500 നു പകരം 10,000 രൂപയും കാറിന് 5000നു പകരം 40,000 രൂപയും നല്‍കണം. രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ അധിക ഫീസായി ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു മാസത്തേക്ക് 300 രൂപയും മറ്റു വാഹനങ്ങള്‍ക്ക് ഓരോ മാസവും 500 രൂപ വീതവും നല്‍കണം. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഫീസ് വര്‍ധനവും ഇന്ന് നിലവില്‍ വരും.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതോടെ വീടിന് പുറത്തിറങ്ങുന്നതുപോലും ചെലവേറിയതാകും. പിന്നാലെ വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വരുന്നതോടെ ദുരിതജീവിതം പൂര്‍ണമാകും.
വര്‍ധനവുകള്‍ ഇങ്ങനെ
ഭൂനികുതി
(പഞ്ചായത്ത്)
8.1 ആര്‍ വരെ – 5 രൂപ
8.1 ആറിനു മുകളില്‍ – 8 രൂപ
(നഗരസഭ)
2.43 ആര്‍ വരെ – 10 രൂപ
2.43 ആറിനു മുകളില്‍ – 15 രൂപ
(കോര്‍പറേഷന്‍)
1.62 ആര്‍ വരെ – 20 രൂപ
1.62 ന് മുകളില്‍ – 30 രൂപ
ഹരിതനികുതി
പഴയ വാഹനങ്ങള്‍
15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍: 600 രൂപ വീതം
10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍: 200 രൂപ വീതം. 15 വര്‍ഷം കഴിഞ്ഞവയ്ക്ക് 300 രൂപ വീതം.
10 വര്‍ഷം കഴിഞ്ഞ മീഡിയം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍: 300 രൂപ വീതം. 15 വര്‍ഷം കഴിഞ്ഞാല്‍ 450 രൂപ വീതം.
10 വര്‍ഷം കഴിഞ്ഞ ഹെവി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍: 400 രൂപ വീതം. 15 വര്‍ഷം കഴിഞ്ഞാല്‍ 600 രൂപ വീതം.
പുതിയ ഡീസല്‍ വാഹനങ്ങള്‍
ഓട്ടോറിക്ഷ: 500 രൂപ
ലൈറ്റ് വാഹനങ്ങള്‍: 1,000 രൂപ
മീഡിയം വാഹനങ്ങള്‍: 1,500 രൂപ
ഹെവി വാഹനങ്ങള്‍: 2,000 രൂപ
ബൈക്ക് ഒഴികെ മറ്റെല്ലാ
ഡീസല്‍ വാഹനങ്ങളും: 1,000 രൂപ
രജിസ്ട്രേഷന്‍ പുതുക്കാന്‍
2 വീലര്‍: 1,000 രൂപ
3 വീലര്‍: 2,500 രൂപ
കാര്‍: 5,000 രൂപ
ഇറക്കുമതി 2 വീലര്‍: 10,000 രൂപ
ഇറക്കുമതി കാര്‍: 40,000 രൂപ
മറ്റു വാഹനങ്ങള്‍: 6,000 രൂപ
ഫിറ്റ്നസ് പരിശോധനക്ക്
2 വീലര്‍: 1,400 രൂപ
3 വീലര്‍: 4,300 രൂപ
കാര്‍: 8,300 രൂപ
ഹെവി: 13,500 രൂപ