X
    Categories: indiaNews

ഇന്നു മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും

തിരുവനന്തപുരം: ഇന്നു മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും. ഭക്ഷ്യധാന്യങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് പ്രധാനമായും വില കൂടുന്നത്. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഇന്ന് നിലവില്‍ വരുന്ന സാഹചര്യത്തിലാണിത്. പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവക്കടക്കം നികുതി ഉയര്‍ത്തിയിട്ടുണ്ട്.

ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരും. കോവിഡാനന്തരം തൊഴില്‍ മേഖലകളിലെല്ലാം മുരടിപ്പുണ്ടാകുകയും സാമ്പത്തിക ഞെരുക്കത്തില്‍ ജനം നട്ടംതിരിയുകയും ചെയ്യുന്നതിനിടെയാണ് നികുതി ഘടനയില്‍ വന്‍വര്‍ധനവുണ്ടായിരിക്കുന്നത്. ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജി.എസ്.ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചെക്ക്ബുക്കിന് ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജിന് 18 ശതമാനം ജി.എസ്.ടി നല്‍കണം. ഐ.സി.യു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വര്‍ധിക്കും. ദിവസം 5000 രൂപക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ അഞ്ചു ശതമാനമാണ് ജി.എസ്.ടി. അറ്റ്‌ലസുകള്‍ ഉള്‍പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങാന്‍ 18 ശതമാനം ജി.എസ.്ടിയാണ് നല്‍കണം. ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ 12 ശതമാനം ജി.എസ്.ടി സ്ലാബിന്റെ പരിധിയിലാകും. എല്‍.ഇ.ഡി ലൈറ്റുകള്‍, എല്‍.ഇ.ഡി ലാമ്പുകള്‍ തുടങ്ങിയവക്കും വില ഉയരും.

Chandrika Web: