കണ്ണൂര്‍: ആശ്വസിക്കാന്‍ ഒന്നുമില്ല, കൊടുംചൂടില്‍ വെന്തുരുകും ജനത്തെ പൊള്ളിക്കുകയാണ് അവശ്യസാധന വില. പാചകവാതക, വൈദ്യുതി, വെള്ളക്കരം നിരക്ക് വര്‍ധനവിനൊപ്പം പഴം, പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമുള്‍പ്പെടെ നിത്യോപയോഗ സാധന വില കുതിക്കുകയാണ് അനുദിനം.
ഇതോടെ വറചട്ടിയിലായിരിക്കുകയാണ് ജീവിതം. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമില്ലാതെ ഉയര്‍ന്നതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും ഒരു മാസത്തിനിടെ വിലകൂടിയത് 30 ശതമാനത്തിനു മുകളിലാണ്. റമസാനും വിഷുവും ആഘോഷിക്കുന്ന കേരളീയരുടെ ദൈനംദിന ചെലവ് തകിടംമറിച്ചാണ് വിലക്കയറ്റം.
കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയാണ് വില. പയറിന് കിലോ 100 കടന്നു. മിതവില കാണിച്ചിരുന്ന തക്കാളിയും സവാളയും കുതിപ്പ്തുടങ്ങി. 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴം 50 കടന്നു. ചെറുനാരങ്ങക്ക് തീവിലയാണ്. വറ്റല്‍മുളകിന് 220ല്‍ നിന്ന് 280ലെത്തി. കെഡിഎല്‍ കാശ്മീരി മുളക് കിലോഗ്രാമിന് 800 രൂപയാണ് വില. കഴിഞ്ഞ മാസം 600 രൂപയായിരുന്നു. 50 മുതല്‍ 60 രൂപയ്ക്കും ലഭിച്ചിരുന്ന ഇഞ്ചിക്ക് നൂറ് രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്.
സര്‍ക്കാര്‍ സംവിധാനം ഉണരാത്തതും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന വിപണി ഇടപെടല്‍ ഫലപ്രദമാകാത്തതുമാണ് പലവ്യഞ്ജന വില വര്‍ധനവിന് കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വിലക്കുറവ് പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. ആന്ധ്രയില്‍ നിന്ന് അഞ്ചിനം പലവ്യഞ്ജനം എത്തിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഫലംകണ്ടില്ല.
ഇതോടെ പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റമാണുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറും പരാജയപ്പെട്ടതോടെ തൊട്ടതിനും എടുത്തതിനും പൊള്ളുന്ന വിലയാണിപ്പോള്‍.