X
    Categories: keralaNews

എരിതീയില്‍ എണ്ണയൊഴിച്ച് ഇടതുമുന്നണി സര്‍ക്കാര്‍; അന്തം വിട്ട് സകലവിഭാഗങ്ങളും

കെ.പി ജലീല്‍

പാവപ്പെട്ടവരും സാധാരണക്കാരും സമ്പന്നരും എന്നുവേണ്ട സമൂഹത്തിലെ മുഴുവന്‍ ആളുകളെയും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനസര്‍ക്കാര്‍ ബജറ്റ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ പ്രസംഗിച്ചു തുടങ്ങിയ ബജറ്റ് അതേവിലക്കയറ്റത്തിന് ആക്കം വര്‍ധിപ്പിക്കുന്നതായത് ബജറ്റിന്റെ സാമാന്യനിയമം പോലും ബാലഗോപാലിന് അറിയില്ലെന്നതിന്‍രെ സൂചനയായി. പെട്രോള്‍, ഡീസല്‍വില വര്‍ധനയില്‍ പൈസയുടെ വര്‍ധന വന്നാല്‍പോലും മുമ്പ് ഭാരതബന്ദ് നടത്തിയവരാണ് ഈ ബജറ്റിന് പിന്നിലെ ഇടതുമുന്നണിക്കാര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ 200ഉം 300ഉംഇരട്ടി വില വര്‍ധിച്ചപ്പോള്‍ കയ്യുംകെട്ടിനോക്കിയിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ചെറിയൊരു ആശ്വാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ജനത്തിന് മേല്‍ ഭാരം കൂട്ടിവെക്കുകയാണ് ബാലഗോപാല്‍ ചെയ്തിരിക്കുന്നത്. സുമാര്‍ 3000 കോടിയുടെ അധികബാധ്യത ജനത്തിന്റെ തലയില്‍ കയറ്റിവെച്ചിട്ട് 2000 കോടി രൂപ വിലക്കയറ്റത്തിന് നീക്കിവെച്ചുകൊണ്ടുള്ള കണക്കിലെ കളി കണ്ട് അന്തം വിട്ടിരിക്കുകയാണ് ജനമാകെ.
ഓട്ടോതൊഴിലാളികള്‍ക്കും വാഹനഉപഭോക്താക്കള്‍ക്കാകെയും തിരിച്ചടിയാണ് ഇന്ധനവിലയിലെസെസ്. 2 രൂപയാണ് മൊത്തം ഇന്ധനവിലയില്‍ കൂടുക. ഇതുമൂലം സംഭവിക്കുന്നതാകട്ടെ മൊത്തത്തില്‍ വിപണിയിലെ വിലക്കുതിപ്പും. ലിറ്ററിന് 2 രൂപ കൂടുമ്പോള്‍ വാടക ഇനത്തില്‍ വര്ധിക്കുന്നത് പതിനായിരങ്ങളാകും. ഇത് നിത്യോപയോഗവസ്തുക്കളുടെ മേല്‍ വ്യാപാരികള്‍ അടിച്ചേല്‍പിക്കും. ഇതോടെ വിലക്കയറ്റത്തിന് ജനം ഇരയാകും.
കോവിഡിന് ശേഷം പതുക്കെ മെച്ചപ്പെട്ടുവന്ന വിപണിയാണ് ഇപ്പോള്‍ തിരിച്ചുപോക്കിനൊരുങ്ങുന്നത്. ഇന്ധനവിലയിലെ വര്‍ധന കാരണം വാഹന ഉപയോഗം കുറയുകയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയുടെ കച്ചവടത്തെയും കൈമാറ്റത്തെയും നികുതി വര്‍ധന വര്‍ധിക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനവും നിലക്കും. പാവപ്പെട്ട നിര്‍മാണത്തൊഴിലാളികളെയാണ് അത് ബാധിക്കുക. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചത് രജിസ്‌ട്രേഷന്‍ ഫീ വര്‍ധിക്കാനിടയാക്കും. 2010ല്‍ ന്യായവില ഏര്‍പെടുത്തിയതിന് ശേഷം 250 ശതമാനം വര്‍ധനവാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്.
ഒരു കൈകൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഒരു കൈ കൊണ്ട് ചെറിയൊരു തുക കൊടുത്ത് മറുകൈകൊണ്ട് വന്‍തുകപോക്കറ്റടിക്കുകയാണ് സര്‍ക്കാര്‍ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ നികുതി വര്‍ധിച്ചത് കാരണം വാഹനങ്ങളുടെ വില്‍പനയെ ബാധിക്കുന്നത് ഈ രംഗത്തെ വലിയൊരു വിഭാഗം തൊഴിലിനെ ഗുരുതരമായി ബാധിക്കും. പതിവുപോലെ മദ്യപന്മാരിലാണ് സര്‍ക്കാര്‍വീണ്ടും പോക്കറ്റടിയുമായി എത്തിയത്. സെസ് വര്‍ധിച്ചത് 500 രൂപക്ക് മുകളില്‍ മദ്യം വാങ്ങുന്നവരെയാണ് ബാധിക്കുക.
ചെലവുകള്‍ ചുരുക്കിയും നികുതി കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുത്തും സാമ്പത്തികപ്രതിസന്ധിയെ മറികടക്കുന്നതിന് പകരം മുട്ടാപ്പോക്ക് വിദ്യയുമായാണ് എരിതീയിലെ സര്‍ക്കാരിന്റെ എണ്ണയൊഴിക്കല്‍.അടുത്ത വര്‍ഷമാണ് പൊതുതെരഞ്ഞെടുപ്പെന്നതാകാം ഇടതുമുന്നണിയെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.

Chandrika Web: