X

പാചകവാതകവില വര്‍ധന: വിലകുതിക്കുന്നു. ഹോട്ടലുകള്‍ പൂട്ടല്‍ഭീഷണിയില്‍

പൊതുവെ ദുരിതം പേറുന്ന ജനതയുടെ മുകളില്‍ ഭക്ഷണത്തിന് കൂടി ഭാരം വര്‍ധിപ്പിച്ചതോടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. തൊഴിലില്ലായ്മയും കടങ്ങളും പെരുകിയതോടെ എന്തുചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ ്‌സര്‍ക്കാരുകളുടെ വക നികുതി വര്‍ധനവും വിലവര്‍ധനവും. നികുതികള്‍ക്ക് പുറമെ സെസ്സും പാചകവാതകവിലയും കൂട്ടിയതോടെ വന്‍തോതില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലായി. കടകളില്‍ കച്ചവടം നന്നേ കുറഞ്ഞു. അതിന് പുറമെയാണ് പാചകവാതകത്തിന് 315 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി. ഗാര്‍ഹികസിലിണ്ടറിന് 50ഉം കടകള്‍ക്കുള്ളതിന് 315ഉം രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞയുടനെ മാര്‍ച്ച് ഒന്നിനാണ് വിലകൂട്ടിയത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഹോട്ടലുകാരും. പൊതുവെ വില കയറിയ ഊണിനും മറ്റും ആവശ്യക്കാര്‍ കുറയുന്ന അവസ്ഥയാണ്. ഊണിന് 50 രൂപയുണ്ടായിരുന്നത് 70 രൂപയാക്കി. 70 രൂപ 80ഉം 90 ഉം വരെയെത്തി. ഇതോടെ ആവശ്യക്കാരും കുറഞ്ഞു.
മറ്റ് പലഹാരങ്ങള്‍ക്കും പത്തും ഇരുപതും രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തൊഴിലാളികളുടെ കൂലി അടുത്തിടെയാണ് വര്‍ധിച്ചത്.എന്നിട്ടും അവരെ കിട്ടാത്ത അവസ്ഥയാണ്. ഹെല്‍ത്ത് കാര്‍ഡ് നിബന്ധനയും ഇതോടൊപ്പം വലയ്ക്കുകയാണ്.യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നതും ബിസിനസ് താളംതെറ്റിക്കുന്നു. വന്‍തോതില്‍ പണം ചെലവഴിച്ചുള്ള ബിസിനസിന് കഴിയാതെയാണ് പലരും ഹോട്ടല്‍,ബേക്കറി പോലുള്ളവയിലേക്ക് തിരിയുന്നത്. അവരുടെയും നടുവൊടിക്കുകയാണ് സര്‍ക്കാരുകളെന്നാണ് കച്ചവടക്കാര്‍ വിലപിക്കുന്നത്.

Chandrika Web: