സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്. നികുതി വര്‍ധനവിന്റെ ഘോഷയാത്രയായി മാറിയ ബജറ്റില്‍ ആശ്വാസിക്കാനുള്ള ഒരു വകയുമില്ല. പെട്രോള്‍ വില വര്‍ധനയില്‍ നിന്നാരംഭിച്ച് വാഹനം, വൈദ്യുതി, വീടുകള്‍, ഭൂമിയുടെ ന്യായ വില എന്നിവയിലെല്ലാം നികുതി വര്‍ധന വരുത്തിയതിലൂടെ വിലക്കയറ്റത്തില്‍നിന്ന് ഒരുമലയാളി പോലും രക്ഷപ്പെടില്ലെന്ന് ധനമന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടു രൂപ വര്‍ധിപ്പിക്കാനുള്ള ഒറ്റത്തീരുമാനം മാത്രം മതി വരും നാളുകളിലെ ജീവിതം ദുസ്സഹമാക്കാന്‍. ഇതോടെ അവശ്യസാധനങ്ങളുടെ വില മുതല്‍ ഓട്ടോ ടാക്‌സി ചാര്‍ജ് വരെയുള്ള സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരാനൊരുങ്ങിക്കഴിഞ്ഞു. ഇന്ധന വില നിയന്ത്രണം കമ്പനികളെ ഏല്‍പ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ പോലും പരിഗണിക്കാതെ അടിക്കടി വില വര്‍ധനവാണു രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകളുടെ കുഴലൂത്തുകാരായ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താതെ കൈയ്യും കെട്ടി നോക്കിനിന്നപ്പോള്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം തങ്ങള്‍ക്കുവേണ്ടെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന യു.ഡി.എഫിന്റെ ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് ആ ആശ്വാസം പോലും നല്‍കാന്‍ തയാറായിരുന്നില്ല. അതിനുപുറമെയാണ് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന രീതിയിലുള്ള ഈ ഇരുട്ടടി സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്.
വാഹന നികുതി വര്‍ധനയില്‍ മുപ്പത് ലക്ഷത്തിന് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ക്ക് പോലും ഒരു ശതമാനമാണ് കൂട്ടിയതെങ്കില്‍ അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ളവക്ക് രണ്ടു ശതമാനമാണ് വര്‍ധന. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിലയിലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയത് ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നതിന് അടിവരയിടുകയാണ്. ആഢംബര കാറുകളുടെ നികുതി വര്‍ധനവില്‍ കരുതല്‍ കാണിച്ചതിലൂടെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും റിസോട്ടുള്‍പ്പെടെയുള്ള വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരായ സി.പി.എം നേതാക്കളെയും ബജറ്റ് മറന്നില്ല എന്ന് ആശ്വസിക്കാം. കേസുകള്‍ക്കുള്ള കോടതി ഫീസ് വര്‍ധന ഈ സര്‍ക്കാറിന്റെ കണ്ണില്‍ ചോരയില്ലായ്മക്കുള്ള ഉദാഹരണമാണ്. ജീവിതത്തിലൊരിക്കലും എത്തിപ്പെടരുതെന്നാഗ്രഹിച്ചിട്ടും സാധാരണക്കാര്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നുണ്ടെങ്കില്‍ അത് നിവൃത്തികേട്‌കൊണ്ട് മാത്രമാണ്. അത്തരക്കാരില്‍ നിന്നുപോലും പണം പിടിച്ചെടുക്കാനുള്ള തീരുമാനം പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്നതിന് തുല്യമാണ്. നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലമായി #ാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. #ാറ്റ്, അപ്പാര്‍ട്ടുമെന്റുകളുടെ മുദ്രവില അഞ്ചുമുതല്‍ ഏഴു ശതമാനം വരെ വര്‍ധിപ്പിച്ചതിലൂടെ ഇവിടെയും അടിയേറ്റിരിക്കുന്നത് സാധാരണക്കാര്‍ക്ക് തന്നെയാണ്. രജിസ്‌ട്രേഷന്‍ സമയത്തുള്ള സെസ് വര്‍ധന ക്രയവിക്രയങ്ങള്‍ ദുസ്സഹമാക്കാനേ ഉപകരിക്കൂ.
പ്രതിസന്ധിയിലകപ്പെട്ട ചെറുകിട വ്യാപാരികളും തൊഴിലാളികളെുമെല്ലാം ബജറ്റിനെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നതെങ്കിലും നിരാശയാണ് ഫലം. യുവാക്കളെ അവഗണിച്ചുതള്ളിയ ധനമന്ത്രി തൊഴിലില്ലായ്മക്ക് പരിഹാരം കാണാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. ന്യൂനപക്ഷങ്ങളുടെ വക്താക്കളായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാറിന്റെ കപട സ്‌നേഹം ബജറ്റിലും തുറന്നുകാണിക്കപ്പെട്ടു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രധാന പദ്ധതിയും അവതരിപ്പിക്കാതെ അവരെയെല്ലാം വൈകാരിക പ്രകടനങ്ങളില്‍തന്നെ ഇനിയും തളച്ചിടാമെന്ന വ്യാമോഹത്തിലാണ്. നാടിന്റെ സാമ്പത്തികരംഗം തകര്‍ന്നു തരിപ്പണമായിരിക്കുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ധവള പത്രം ഇറക്കി പ്രതിപക്ഷം വ്യക്തമാക്കിയപ്പോള്‍ അന്ന് അതെല്ലാം നിഷേധിച്ച സര്‍ക്കാര്‍ ഇന്നലെ ബജറ്റിലൂടെ അത് സമ്മതിച്ചിരിക്കുകയാണ്. ഭാവന സമ്പന്നമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുപകരം കണ്ണും മൂക്കുമില്ലാത്ത നികുതി വര്‍ധനവിലൂടെ ആ തകര്‍ച്ചയെ നേരിടാമെന്ന കണക്കുകൂട്ടലിലൂടെ പിണറായിയും സംഘവും വീണ്ടും അപകടത്തിലേക്ക് തന്നെ നീങ്ങിയിരിക്കുകയാണ്. വരുമാനത്തിലെ കുറവിലൂടെയും നികുതി പിരിവിലെ പരാജയത്തിലൂടെയും ഭരണകൂടം തന്നെയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം ഈ രണ്ടു മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ്. അതിനുള്ള ഒരു ശ്രമവും നടത്താതെ മുഴുവന്‍ പാപഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. ജനത്തിന് മാത്രമാണ് ഇടത് ഭരണത്തില്‍ വിലയില്ലാത്തത്.