X

നിയന്ത്രണമില്ലാതെ വില; അനക്കമില്ലാതെ സര്‍ക്കാര്‍

പി.എം.എ സലാം

പൊള്ളുന്ന വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുകയാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗമായ മൗനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാത്ത സാധാരണക്കാര്‍ രൂക്ഷമായ വിലക്കയറ്റത്തിന്റെ കെടുതി കൂടി അനുഭവിക്കുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്ക് വിലകൂടിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. ജനം പട്ടിണിയുടെ പൊരിവെയിലത്ത് നെട്ടോട്ടമോടുമ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിനോ സര്‍ക്കാര്‍ പരിപാടികളിലെ ആര്‍ഭാടത്തിനോ യാതൊരു കുറവുമില്ല. ആവശ്യത്തിന് ഖജനാവില്‍ പണമില്ലെന്ന് വിലപിക്കുന്ന മന്ത്രിമാര്‍ തന്നെ ധൂര്‍ത്തിന് വേണ്ടി മുടക്കുന്നത് കോടികളാണ്. മന്ത്രിമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസമാണ് 1.30 കോടി അനുവദിച്ചത്. ഇതിനൊന്നും യാതൊരു മുട്ടും വന്നിട്ടില്ല. മുഖ്യമന്ത്രിയും കുടുംബവും പരിവാരങ്ങളും കോടികള്‍ മുടക്കിയാണ് വിദേശ പര്യടനം നടത്തുന്നത്.

സ്‌കൂളില്‍ ഉച്ചഭക്ഷണം കൊടുക്കാന്‍ സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്‍ മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്‍ ലക്ഷങ്ങള്‍ മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്‍, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ എന്നിവക്കെല്ലാം കേരളത്തില്‍ വില വര്‍ധിച്ചു. തൊഴിലും വരുമാനവും നിലച്ചു പോയ സാധാരണക്കാരാണ് ഈ വിലക്കയറ്റത്തില്‍ ഏറെയും ദുരിതം അനുഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അരിവില കുതിക്കുന്നത്. ഗോതമ്പ് ഉല്‍പ്പനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. പാക്കറ്റുകളില്‍ എത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില കൂടി. അലക്ക് പൊടികള്‍, സോപ്പ് തുടങ്ങിയ അവശ്യ വസ്തുക്കളും വില വര്‍ധനവില്‍നിന്ന് മുക്തമല്ല. സോപ്പ്, പേസ്റ്റ്, ഡിറ്റര്‍ജന്റ് തുടങ്ങിയവക്ക് ഇരട്ടിയോളമാണ് വില കൂടിയത്. അതേസമയം വിലകൂട്ടാതെ അളവ് കുറച്ചാണ് ചില കമ്പനികള്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്. പേസ്റ്റ്, ഡിറ്റര്‍ജന്റ്, ഡിഷ് വാഷ് തുടങ്ങിയവക്ക് ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം വില വര്‍ദ്ധിച്ചു. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തിയും വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയും ഈ പ്രതിസന്ധി പരിഹരിക്കേണ്ട സര്‍ക്കാര്‍ വിലക്കയറ്റത്തെ സംബന്ധിച്ച് അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല. ഗവര്‍ണറുമായുള്ള പ്രശ്‌നവും ഉപരിപ്ലവമായ വിവാദങ്ങളും മാത്രമാണ് സര്‍ക്കാറിന്റെ ഫോക്കസ് ഏരിയ. സാധാരണക്കാര്‍ പരിഗണനയില്‍ വരുന്നേയില്ല.

പ്രമുഖ ബ്രാന്‍ഡ് സോപ്പിന് 8 മാസം മുമ്പ് 48 രൂപയായിരുന്നു വില. ഇത് മൂന്ന് തവണയായി കൂട്ടി ഇപ്പോള്‍ 78 രൂപയായി. സസ്യ എണ്ണയുടെ ഒരു ബ്രാന്‍ഡിന് ലിറ്ററിന് 136 രൂപയായിരുന്നു. ഇത് 154 ആയി ഉയര്‍ന്നു. മട്ട അരിക്കും ജയ അരിക്കും 60 രൂപ കടന്നു. ഗോതമ്പ് വിലയും പാല്‍ വിലയും വര്‍ദ്ധിച്ചു. പച്ചക്കറികള്‍ക്ക് ഓരോ ദിവസവും തോന്നിയ വിലയാണ്. ഇടപെടേണ്ട സര്‍ക്കാര്‍ ഇതൊന്നുമറിഞ്ഞിട്ടില്ല. പ്രസ്താവനകള്‍ നടത്തി പിന്‍മാറുന്നു എന്നല്ലാതെ ഭരണപരമായ യാതൊരു ഇടപെടലും ഇതുവരെ പൊതുവിപണിയില്‍ ഉണ്ടായിട്ടില്ല. ഇതേ അവസ്ഥയാണ് നിര്‍മാണ മേഖലയും അഭിമുഖീകരിക്കുന്നത്. സിമന്റ്, കമ്പി, കോണ്‍ക്രീറ്റ് കട്ട, പ്ലമ്പിങ് ഇലക്ട്രിക് ഉപകരണങ്ങള്‍, എം സാന്റ്, ഇഷ്ടിക തുടങ്ങി എല്ലാ നിര്‍മാണ സാമഗ്രികള്‍ക്കും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്നു. തൊടുന്നതെല്ലാം പൊള്ളുന്ന അവസ്ഥയാണ്.

സംസ്ഥാനത്തെങ്ങും നിര്‍മാണ മേഖല സ്തംഭിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. വില കൂടിയതോടെ 30 ശതമാനത്തിലേറെ ജോലികള്‍ കുറഞ്ഞു. ഇതോടെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍ പ്രയാസത്തിലായി. ഇരട്ടി ദുരിതം പോലെ വിലക്കയറ്റം കൂടി നേരിടേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. നിര്‍മാണം നിലച്ച കെട്ടിടങ്ങള്‍ സംസ്ഥാനത്തെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുന്നു. അതിഥി തൊഴിലാളികളില്‍ നിരവധി പേര്‍ ജോലിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങി. സിമന്റ് നാല് മാസത്തിനകം 70 രൂപ വരെ വില വര്‍ധിച്ചു. ബ്രിക്‌സിന് അഞ്ച് രൂപ വരെ കൂടി. ഇലക്ട്രിക്കല്‍ വസ്തുക്കള്‍ക്ക് 15 ശതമാനം മുതല്‍ 30 ശതമാനം വരെ വില വര്‍ധിച്ചു. കോവിഡ് കാലത്തിന് ശേഷം നിര്‍മാണച്ചെലവ് 35 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ തുകക്ക് നിര്‍മാണ കരാര്‍ എടുത്ത ആളുകളെയും സാമഗ്രികളുടെ വില വര്‍ദ്ധനവ് ബാധിച്ചു.

വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് വൈദ്യുതി ബില്‍ വര്‍ധിപ്പിക്കുമെന്ന ഇരുട്ടടി കൂടി വരുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 50 ശതമാനത്തോളം വര്‍ധിപ്പിക്കാനാണ് പദ്ധതി. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ പത്ത് മണി വരെ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് നിരക്ക് കൂട്ടുന്നത്. ജനം ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്നത് ഈ സമയത്താണെന്ന് സര്‍ക്കാറിനറിയാം. വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുമ്പോഴാണ് ഈ പ്രഹരം. ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകീട്ട് 6 മുതല്‍ 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതല്‍ രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകല്‍ 6 മുതല്‍ 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഉപയോഗം കൂടിയ സമയത്ത് കൂടിയ നിരക്ക് ഈടാക്കി ജനത്തെ ദ്രോഹിക്കാനാണ് നീക്കം.

മാസങ്ങള്‍ക്ക് മുമ്പാണ് ഭൂമിയുടെ ഫെയര്‍ വാല്യൂ വര്‍ധിപ്പിച്ചത്. അതുവഴി രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ക്രമാതീതമായി വര്‍ദ്ധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി വര്‍ദ്ധനവും നടപ്പാക്കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനം കൂടുതല്‍ ദുരിതം അനുഭവിക്കുന്ന അവസ്ഥ വന്നു. ജനദ്രോഹത്തില്‍ ക്രൂരതയുടെ പര്യായമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണം. നിര്‍മ്മാണ മേഖലയില്‍ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണം. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നിസ്സംഗത തുടരുന്നതില്‍ പ്രതിഷേധിച്ചാണ് സമര പരിപാടി. അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോവുകയാണ്. ഇത് അനുവദിക്കില്ല. പൊതുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വരെ പ്രതിഷേധം തുടരും.

Test User: